Kottayam Local

റോഡരികില്‍ മാലിന്യം തള്ളല്‍ : കച്ചവടക്കാര്‍ക്കെതിരേ കര്‍ശന നടപടികളുമായി നഗരസഭ



വൈക്കം: ആക്ഷേപം ശക്തമായതോടെ നഗരത്തിലെ റോഡരുകില്‍ മാലിന്യം തള്ളുന്ന കച്ചവടക്കാര്‍ക്കെതിരേ കര്‍ശന നടപടികളുമായി നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ആരോഗ്യവകുപ്പ് ജീവനക്കാരും രംഗത്തിറങ്ങി. നഗരത്തിലെ താലൂക്ക് ആശുപത്രിയ്ക്ക് സമീപം, സ്വകാര്യ ബസ് സ്റ്റാന്റ്, ബോട്ട് ജെട്ടി, കച്ചേരിക്കവല, പടിഞ്ഞാറെഗോപുരനട, വടക്കേനട, എസ്എന്‍ഡിപി ഓഫിസിന് സമീപം, തോട്ടുവക്കം, തെക്കേനട, വലിയകവല തുടങ്ങിയ സ്ഥലങ്ങളിലാണ് രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്. ആശുപത്രിയ്ക്ക് കിഴക്കുഭാഗത്തുള്ള റോഡില്‍ കുമിഞ്ഞുകൂടിക്കിടന്നിരുന്ന മാലിന്യങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവിയുടെയും ആരോഗ്യം വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ക്യാരിബാഗുകള്‍ തുറന്ന് പരിശോധന നടത്തി. ഈ മാലിന്യങ്ങള്‍ വിവിധ കടകളില്‍ നിന്നും തള്ളിയതാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇനിയും റോഡരികിലേയ്ക്ക് മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. 10,000 രൂപ പിഴയായി ഈടാക്കി, സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത് പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സന്‍ പറഞ്ഞു. മില്‍മ പാലിന്റെ കവറുകള്‍ അടങ്ങിയ വലിയകൂടുകളും, ചെരുപ്പുകട, വസ്ത്രവ്യാപാര സ്ഥാപനം, പച്ചക്കറികട, പഴവര്‍ഗകട, ചായക്കട എന്നിവിടങ്ങളില്‍ നിന്നാണ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. ഇന്നലെ നടന്ന പരിശോധനയില്‍ വൈസ് ചെയര്‍പേഴ്‌സന്‍ നിര്‍മല ഗോപി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ് ഹരിദാസന്‍ നായര്‍, ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, കൗണ്‍സിലര്‍മാരായ പി ശശിധരന്‍, ഡി രഞ്ജിത്ത് കുമാര്‍, എ സി മണിയമ്മ, കെ ആര്‍ സംഗീത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി പ്രസന്നന്‍, സന്ധ്യാ ശിവന്‍, ഷാനാമോള്‍, കണ്ടിജന്റ് വിഭാഗത്തിലെ ജീവനക്കാരായ കെ ടി ബേബി, എന്‍ സി സത്യന്‍, കെ എസ് ജയ്‌മോന്‍, കെ ജി പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ തള്ളിയവരെ കണ്ടെത്തിയത്. മാലിന്യങ്ങള്‍ തള്ളുന്നവരെ പിടികൂടാന്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it