Kollam Local

റോഡരികില്‍ നില്‍ക്കുന്ന പാലമരം അപകട ഭീഷണിയാകുന്നു



ഓയൂര്‍: റോഡുവിള ജങ്ഷന് സമീപം കൊടുംവളവില്‍ യാത്രക്കാരുടെ ജീവന് ഭീഷണിയായി നില്‍ക്കുന്ന പാലമരം മുറിച്ച് മാറ്റണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം. ജില്ലയിലെ തന്നെ തിരക്കേറിയ റോഡുകളില്‍ ഒന്നായ ആയൂര്‍-ഓയൂര്‍ റോഡില്‍ റോഡുവിളയിലാണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി പാലമരം നില്‍ക്കുന്നത്. ഈ റോഡില്‍ ഇലവിന്‍മൂട് മുതല്‍ റോഡുവിള താഴെ ജങ്ഷന്‍ വരെ റോഡിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വീതി കൂട്ടുന്നതിനായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു. പാലയുടെ ചുവടും ചുറ്റുവട്ടമുള്ള സ്ഥലത്ത് ഒരാള്‍ താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തതോടെ പാലയുടെ നാടാവേരൊഴിച്ച് ചുറ്റുമുള്ള മുഴുവന്‍ വേരുകളും തോണ്ടി എടുക്കുകയുണ്ടായി. ഇതുകാരണം ചെറിയ കാറ്റില്‍പ്പോലും മരം നിലം പൊത്താന്‍ സാധ്യതയുണ്ട്. അപകടാവസ്ഥയിലുള്ള മരം മുറിച്ച് മാറ്റണമെന്ന് കരാറുകാരോടും പൊതുമരാമത്ത് വകുപ്പ് അധികൃതരോടും നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പരാതി ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വനം വകുപ്പിന്റെ അനുവാദമില്ലാതെ പൊതു സ്ഥലത്ത് നില്‍ക്കുന്ന മരം മുറിച്ച് മാറ്റാനാകില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് അധികൃതര്‍.  ജീവന് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍മരം മുറിച്ച് മാറ്റാന്‍ കലക്ടറോ, ആര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു
Next Story

RELATED STORIES

Share it