റോഡരികില്‍ അംബേദ്കറുടെ ചിത്രം വച്ച് പുഷ്പാര്‍ച്ചന നടത്തി പ്രതിഷേധം

കൊച്ചി: വടയമ്പാടി മൈതാനത്ത് ഡോ. അംബേദ്കര്‍ ദര്‍ശനോല്‍സവം നടത്താന്‍ വടയമ്പാടി കോളനി സംരക്ഷണ സമിതിക്കു നല്‍കിയ അനുമതി ജില്ലാ ഭരണകൂടം അവസാന നിമിഷം പിന്‍വലിച്ചു. ഇതില്‍ പ്രതിഷേധിച്ച് മൈതാനത്തിനോട് ചേര്‍ന്നുള്ള റോഡരികില്‍ സമിതിയുടെ നേതൃത്വത്തില്‍ അംബേദ്കറുടെ ഛായാചിത്രം വച്ച് പുഷ്പാര്‍ച്ച നടത്തുകയും പ്രതിഷേധ യോഗം ചേരുകയും ചെയ്തു.
വടയമ്പാടി  മൈതാനത്തു വച്ച് ഇന്നലെ അംബേദ്കര്‍ ദര്‍ശനോല്‍സവം നടത്തുന്നതിന് വടയമ്പാടി കോളനി സംരക്ഷണ സമിതി മൂന്നാഴ്ച മുമ്പ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ വിവിധ പരിപാടികളോടെ നടത്തുന്നതിനായിരുന്നു അനുമതി ലഭിച്ചിരുന്നത്. സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയെ ആണ് പരിപാടിയുടെ ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതിനിടയിലാണ് അനുമതി നിഷേധിച്ചതെന്നു വടയമ്പാടി കോളനി സംരക്ഷണ സമിതി സെക്രട്ടറി വി കെ മോഹനന്‍ പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉണ്ടാവുമെന്നു പറഞ്ഞ് പോലിസ് രഹസ്യ ഇന്റലിജന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ട് അവസാന നിമിഷം മൈതാനത്ത് സമ്മേളനം നടത്തുന്നത് വിലക്കി മറ്റൊരു സ്ഥലത്ത് നടത്താന്‍ ഏകപക്ഷീയമായി ഉത്തരവിടുകയായിരുന്നു.
ഫെബ്രുവരി നാലിന് നടത്തിയ ദലിത് ആത്മാഭിമാന സമ്മേളനവും ഇതുപോലെ അവസാന നിമിഷം തടഞ്ഞിരുന്നു.  കെപിഎംഎസിന്റെ കൈവശമുള്ള സ്ഥലത്ത് പന്തലുകെട്ടി യോഗം നടത്തുന്നതിനു മുന്നോടിയായി ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി  ആനി രാജയെ കൊണ്ട് മൈതാനത്തു വച്ച് ഉദ്ഘാടനം നടത്തിയ ശേഷം നിര്‍ദിഷ്ട പന്തലില്‍ സമ്മേളനം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവും പോലിസും തഹസില്‍ദാരും തടഞ്ഞു. ഉദ്ഘാടകയായ ആനി രാജയെയും സിപിഐ അംഗങ്ങളെയും മാത്രം മൈതാനത്തേക്കു കടത്തിവിടാമെന്നായിരുന്നു പോലിസിന്റെ നിലപാട്. എന്നാല്‍, ഇത് അംഗീകരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് അബേദ്കറുടെ ചിത്രം റോഡില്‍ വച്ചു പുഷ്പാര്‍ച്ചന നടത്തിയത്. പൊതു മൈതാനം പൊതു ഉടമസ്ഥതയിലാക്കുന്നതിനുള്ള നീക്കം ഇടതുസര്‍ക്കാര്‍ നടത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആനി രാജ പറഞ്ഞു. എം ബി അയ്യപ്പന്‍കുട്ടി, വി സി ജെന്നി, വി കെ ജോയി, സി എസ് മുരളി, എം കെ ദാസന്‍, അഡ്വ. പി ജെ മാന്വല്‍, തങ്കച്ചന്‍, ജോസഫ്, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, ഷണ്‍മുഖന്‍ ഇടിത്തേരിയില്‍, ടി ജെ തോമസ്, ഡോ. ധന്യാ മാധവ്, ജ്യോതിവാസ് പറവൂര്‍, സുരേഷ് പുലയന്‍, സുഭാഷ്, രഞ്ജിത്ത് കുമാര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
Next Story

RELATED STORIES

Share it