Kottayam Local

റോഡരികിലെ കുഴി അപകട ഭീഷണിയാവുന്നു

ചങ്ങനാശ്ശേരി: ജലസേചന വകുപ്പെടുത്ത റോഡരികിലെ കുഴി അപകടഭീഷണിയില്‍. സിഎസ്‌ഐ ചര്‍ച്ചിനു മുമ്പില്‍ നിന്ന് എംസി റോഡ് കടന്ന് മലകുന്നം, ഇത്തിത്താനം പ്രദേശത്തേക്കുള്ള റോഡിന്റെ പ്രവേശന കവാടത്തിലാണ് ഈ കുഴിയുള്ളത്. കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടന്ന റോഡു വികസനവുമായി ബന്ധപ്പെട്ട സമയത്തായിരുന്നു കുഴി എടുത്തതെന്നു നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് പലപ്രാവശ്യവും ഇതു മൂടുകയും വീണ്ടും കുഴിക്കലും നടന്നതായും ആരോപണമുണ്ട്. പണി തുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷം ഇവിടെ വാല്‍വ് സ്ഥാപിക്കാന്‍ കോണ്‍ക്രീറ്റ് ചെയ്ത് സ്ലാബ് ഇട്ടതാണ്. അതിനു ശേഷമാണു പുതുതായി നിര്‍മിച്ച റോഡ് വെട്ടിപ്പൊളിച്ച് സ്ലാബ് ഇളക്കി മാറ്റിയിട്ട അവസ്ഥയില്‍ മാസങ്ങളായി കിടക്കുന്നത്. ചിറവം മുട്ടം മേല്‍പാലം പണി പൂര്‍ത്തിയാവുന്നതോടെ നിരവധി  വാഹനങ്ങളും യാത്രക്കാരും മലകുന്നം, ഇത്തിത്താനം പ്രദേശത്തേക്ക് പോകാന്‍ ആശ്രയിക്കുന്ന ഏറ്റവും എളുപ്പമാര്‍ഗവും ഇതാണ്. നിലവില്‍ അപായ സൂചന ബോര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനമോ ഒന്നും എവിടെ ഏര്‍പ്പെടുത്തിയിട്ടുമില്ല. ഇത് പൂര്‍വസ്ഥിതിയില്‍ ആക്കി വഴി കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി അപകട സാധ്യത ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it