റോഡപകടങ്ങള്‍ നിയന്ത്രിക്കല്‍: പരിശോധന കര്‍ശനമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തു റോഡപകട നിരക്ക് ഈ വര്‍ഷം 10 ശതമാനവും വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ 25 ശതമാനവുമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി.
2016നെ അപേക്ഷിച്ച് റോഡപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും ഗുരുതര പരിക്കുകളുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്. കാമറാ നിരീക്ഷണം ശക്തമായതോടെ ദേശീയപാതയിലെ അപകടങ്ങളുടെ എണ്ണവും കാര്യമായി കുറഞ്ഞു. കൂടുതല്‍ കാമറകള്‍ ദേശീയപാതയില്‍ വരുംവര്‍ഷങ്ങളില്‍ സ്ഥാപിക്കുന്നതിനു പദ്ധതിയുണ്ട്. അതേസമയം, സംസ്ഥാന പാതകളില്‍ അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഏറ്റവും കൂടുതല്‍ അപകടങ്ങ ള്‍ നടക്കുന്നതു ദേശീയപാതയും സംസ്ഥാനപാതയും ഒഴികെയുള്ള റോഡുകളിലാണ്. ഈ റോഡുകളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനും ഡിജിപി നിര്‍ദേശിച്ചു.
കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകള്‍, ലോറികള്‍, ജീപ്പ് എന്നിവയുടെ അപകടനിരക്കു കുറഞ്ഞപ്പോള്‍ അപകടത്തില്‍പ്പെടുന്ന മിനിബസ്സുകളുടെ എണ്ണം കൂടി. സ്വകാര്യ കാറുകളുടെ അപകടവും കൂടിയിട്ടുണ്ട്. ആകെ അപകട നിരക്കുകളുടെ 60 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നതിനും നാലുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതും ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്. രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാവുന്നത്. ഡ്രൈവര്‍മാരുടെ ക്ഷീണവും ഉറങ്ങിപ്പോവുന്നതുമാണു പ്രധാന കാരണം. രാത്രികാല അപകടങ്ങള്‍ ഒഴിവാക്കാന്‍ പരിശോധനകള്‍ ശക്തമാക്കണം.
ഡ്രൈവര്‍മാര്‍ക്ക് വാഹനം നിര്‍ത്തി കട്ടന്‍ചായ, കോഫി എന്നിവ നല്‍കാന്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയുള്ള സംവിധാനങ്ങള്‍ ഒരുക്കണം. മദ്യപിച്ചും ലഹരിവസ്തുക്കള്‍ കഴിച്ചും വാഹനമോടിക്കുന്നവരോടു മൃദുസമീപനം പാടില്ല. നാലുവരി പാതകളില്‍ ലൈന്‍ ഡിസിപ്ലിന്‍ പാലിക്കുന്നതിനും അനധികൃത പാര്‍ക്കിങ് ഒഴിവാക്കുന്നതിനും നടപടിയെടുക്കണം. ടൂവീലര്‍ ഓടിക്കുന്ന ചെറുപ്പക്കാര്‍ കൂടുതലായി അപകട മരണങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇതു നിയന്ത്രിക്കാന്‍ സ്‌കൂളുകളിലും കോളജുകളിലും ട്രാഫിക് ബോധവല്‍ക്കരണം ശക്തമാക്കണം. റെയ്‌സിങ്, ഓവര്‍സ്പീഡ് നടക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധന കര്‍ശനമാക്കണം.
സംയോജിത ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം അമിതവേഗത കാണുന്ന റോഡുകളില്‍ സ്ഥാപിക്കും. റോഡ് സുരക്ഷാ അതോറിറ്റിയുടെ യോഗങ്ങള്‍ കൃത്യമായി കൂടുന്നുണ്ടോയെന്നു ജില്ലാ പോലിസ് മേധാവിമാര്‍ ഉറപ്പാക്കണം. പഞ്ചായത്ത് റോഡുകളിലും ദേശീയ, സംസ്ഥാന പാതകളല്ലാത്ത റോഡുകളിലും ഗതാഗത സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കണം. കഴിയുന്നതും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താതെ ബോഡി കാമറകള്‍, ഡിജിറ്റല്‍ കാമറകള്‍ തുടങ്ങിയവ ഉപയോഗിച്ച് ട്രാഫിക് പരിശോധനകള്‍ പൂര്‍ത്തിയാക്കണം.
പരിശോധനകള്‍ മോട്ടോര്‍ വാഹന വകുപ്പുമായി ഏകോപനത്തോടെ നടത്തണം. മദ്യപിച്ചു വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നിവയ്ക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ആര്‍ടിഒക്ക് അയക്കേണ്ടതാണ്. വരുന്നവര്‍ഷം അപകടങ്ങളും അപകടമരണങ്ങളും കാര്യമായി കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ പരിശോധനകള്‍ നടത്തണമെന്നും പരിശോധനാ വേളയില്‍ യാത്രക്കാരോടു മാന്യമായി പെരുമാറണമെന്നും ഡിജിപി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it