Kollam Local

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും: ജില്ലാ കലക്ടര്‍

കൊല്ലം: എന്റെ കൊല്ലം പദ്ധതിയില്‍ റോഡ് യാത്ര സുരക്ഷിതമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള സംയോജിത പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു.
ജില്ലയില്‍ റോഡപകടങ്ങള്‍ കൂടുതലായി നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ഓരോ സ്ഥലത്തെയും അപകടങ്ങളുടെ കാരണങ്ങള്‍ അനേ്വഷിച്ച് മനസിലാക്കി ഉചിതമായ പരിഹാര നടപടി സ്വീകരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ആദ്യഘട്ടമായി മോട്ടോര്‍ വാഹന വകുപ്പ്, സിറ്റി/റൂറല്‍/ട്രാഫിക് പോലിസ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം, ദേശീയപാതാ വിഭാഗം, കെഎസ്ടിപി, ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് തുടങ്ങിയ വകുപ്പുകളില്‍ നിന്നും വിവരശേഖരണം നടത്തി. റോഡുകളുടെ എണ്ണവും മറ്റ് വിശദവിവരവും, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നടന്ന അപകടങ്ങളുടെ എണ്ണവും, മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണവും, അപകടത്തിന്റെ കാരണങ്ങളും, അവ ഒഴിവാക്കാനുള്ള പരിഹാര നിര്‍ദേശങ്ങളും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ചോദ്യാവലിയിലൂടെ ശേഖരിച്ചു. നിശ്ചിത ഫോര്‍മാറ്റില്‍ ശേഖരിച്ച സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ അപകടങ്ങളെക്കുറിച്ചും അവ ഒഴിവാക്കുവാനുള്ള മുന്‍കരുതലുകളെപ്പറ്റിയും ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെ യോഗം ചേര്‍ന്നു.
ജില്ലയിലെ വിവിധ റോഡുകളിലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ചങ്ങന്‍കുളങ്ങര-പ്രീമിയര്‍ ജങ്ഷന്‍, നീണ്ടകര-വേട്ടുത്തറ-പുത്തന്‍തുറ, കൊട്ടിയം സിത്താര ജംഗ്ഷന്‍-ഇത്തിക്കര-ശീമാട്ടി, കരുനാഗപ്പള്ളി ജങ്ഷന്‍, കൊല്ലം ചെങ്കോട്ട റോഡിലെ കരിക്കോട് ജംഗ്ഷന്‍, ശ്രീരംഗം വളവ്, നിലമേല്‍ അയ്യപ്പക്ഷേത്രം ജങ്ഷന്‍ തുടങ്ങിയ ജില്ലയിലെ അപകട സാധ്യത കൂടിയ മേഖലകളിലെല്ലാം അപകടം ഒഴിവാക്കാനുള്ള റോഡ് സുരക്ഷ ക്രമീകരണങ്ങള്‍ക്കായി പ്രതേ്യക പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
റോഡപകടങ്ങളില്‍പ്പെട്ട് കിടക്കുന്നവരെ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ സന്നദ്ധരായ ആളുകളെ ഏകോപിപ്പിക്കുന്ന ട്രാക്ക് പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമായി നടത്താന്‍ യോഗം തീരുമാനിച്ചു.
ബസ്‌ബേകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ഭൂമിയുള്ളടുത്ത് ബസ്‌ബേ നിര്‍മിക്കുക, വഴിവിളക്കുകള്‍ ഇല്ലാത്തിടത്ത് അത് സ്ഥാപിക്കുക, റോഡ് കൈയ്യേറ്റം കാരണം ഗതാഗത തടസമുണ്ടാകുന്നിടങ്ങളില്‍ കൈയ്യേറ്റം ഒഴിപ്പിക്കുക, ഇരു ദിശകളിലേക്കുമുള്ള റോഡിനിരുവശവും സമാന്തരമായുള്ള ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ കലക്ടര്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്ത ജങ്ഷനുകളില്‍ അവ അടിയന്തരമായി പ്രവര്‍ത്തന സജ്ജമാക്കും.
എം സി റോഡില്‍ വഴിവിളക്കുകളുടെ വൈദ്യുതചാര്‍ജ്ജിനും അറ്റകുറ്റപണികള്‍ക്കും ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് തുക കെ എസ് ടി പി നല്‍കിയിട്ടുള്ളതിനാല്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്ത് വകുപ്പിനോട് നിര്‍ദേശിച്ചു. ദേശീയപാതയോരങ്ങളില്‍ നിയമപരമായി അല്ലാതെ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്നും നഗരത്തിലെ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടിയോളം രൂപ പോലിസിന് അനുവദിച്ചിട്ടുണ്ട്. എം സി റോഡില്‍ കെഎസ്ടിപി റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ജില്ലയില്‍ 60 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തും.
റോഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നടത്തേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിശദമായ പ്രോജക്ടുകള്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് റോഡ്‌സ്, ദേശീയപാത, കെഎസ്ടിപി വിഭാഗങ്ങള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഈ പ്രോജക്ടുകള്‍ നടപ്പാക്കാന്‍ ആവശ്യമായ തുക റോഡ്‌സ് സേഫ്റ്റി, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയില്‍ നിന്നും കണ്ടെത്തുമെന്നും കലക്ടര്‍ അറിയിച്ചു. രണ്ടാഴ്ച്ചക്കുള്ളില്‍ കൂടുന്ന അടുത്ത യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകളെല്ലാം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
എഡിഎം എം എ റഹീം, ആര്‍ടിഒ എന്‍ ശരവണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ജി ഉണ്ണികൃഷ്ണന്‍ നായര്‍, ഡി എന്‍ രാജീവ്, ബി ശശികുമാര്‍, ഡി വൈഎസ്പി എ അബ്ദുള്‍ റഷീദ് മറ്റ് ഉദേ്യാഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it