Flash News

റോഡപകടം: ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ 48 മണിക്കൂര്‍ സൗജന്യ ചികില്‍സ



തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ 48 മണിക്കൂര്‍ രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണമൊന്നും ഈടാക്കാതെ തന്നെ വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്ന 'ട്രോമാ കെയര്‍ പദ്ധതി' ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. 48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികില്‍സയ്ക്കുള്ള പണം സര്‍ക്കാര്‍ നല്‍കും. ഈ തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ശേഷം ഇതിന്റെ വിശദരൂപം തയ്യാറാക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ട്രോമാ കെയര്‍ സജ്ജീകരണമുണ്ടാക്കും. അപകടത്തില്‍ പെടുന്നവരെ വിദഗ്ധ ചികില്‍സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. ആംബുലന്‍സില്‍ ആധുനിക സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കും. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ഇതിനു വേണ്ടി അപേക്ഷ ക്ഷണിക്കും.കേരള റോഡ് സുരക്ഷാ ഫണ്ട്, കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്റ്റിന്റെ (കെഎസ്ടിപി) സാമൂഹിക ഉത്തരവാദിത്ത ഫണ്ട് എന്നിവയും സര്‍ക്കാരിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സമയബന്ധിതമായി ഇതു പ്രാവര്‍ത്തികമാക്കുന്നതിന് ആരോഗ്യം, ആഭ്യന്തരം, ധനകാര്യം, ഗതാഗതം, പിഡബ്ല്യുഡി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഈ സെക്രട്ടറിമാര്‍ യോഗം ചേര്‍ന്ന് പദ്ധതിക്കു പ്രായോഗികരൂപം നല്‍കി നടപ്പാക്കണം. അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തുന്ന ആര്‍ക്കും ചികില്‍സ നിഷേധിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികശേഷി നോക്കി ചികില്‍സിക്കുന്ന രീതി അവസാനിപ്പിക്കണം. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികില്‍സയ്ക്കുള്ള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it