Flash News

റേഷന്‍ സമരം പിന്‍വലിച്ചു ;സൗജന്യം കുറയും, വില കൂടും



ഷാനു  വളാഞ്ചേരി

തിരുവനന്തപുരം: വ്യാപാരികളുടെ വേതന പാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ സംസ്ഥാനത്തെ റേഷന്‍ സമരം പിന്‍വലിച്ചു. റേഷന്‍ വ്യാപാരികളുമായി ഭക്ഷ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്നാല്‍, വേതനം നല്‍കാന്‍ ആവശ്യം വരുന്ന പണത്തിനായി 29 ലക്ഷം പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ സൗജന്യം സര്‍ക്കാര്‍ വെട്ടിക്കുറച്ചു.സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന പാക്കേജ് മാര്‍ച്ച് ഒന്നു മുതല്‍ നടപ്പാക്കും. റേഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള ഇ-പോസ് യന്ത്രം റേഷന്‍കടകളില്‍ സ്ഥാപിക്കുന്ന ക്രമത്തിലാകും വേതന പാക്കേജ് നല്‍കിത്തുടങ്ങുക. കൊല്ലം കരുനാഗപ്പള്ളിയിലാണ് ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിക്കുന്നത്. നവംബറില്‍ ആരംഭിച്ച് ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തൊട്ടാകെ ഇ-പോസ് ക്രമീകരണം സജ്ജമാക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം, പദ്ധതി നടപ്പാവുന്നതു മുതല്‍ അരി, ഗോതമ്പ് കിലോഗ്രാമിന് ഒരു രൂപ വീതം ഈടാക്കും. വ്യാപാരികളുടെ കൈകാര്യച്ചെലവാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഈയിനത്തില്‍ മാസത്തില്‍ അഞ്ചു രൂപയാണ് 29.06 ലക്ഷം വരുന്ന പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ നല്‍കേണ്ടിവരുക. സൗജന്യറേഷന്‍ ഇനി 5.95 ലക്ഷം വരുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തിന് (മഞ്ഞ കാര്‍ഡ് ഉടമകള്‍) മാത്രമായിരിക്കും. മന്ത്രിസഭ അംഗീകരിച്ച പാക്കേജ് അനുസരിച്ച് 16,000 രൂപയായിരിക്കും വ്യാപാരികളുടെ കുറഞ്ഞ വേതനം. 350 വരെ കാര്‍ഡുള്ള റേഷന്‍ കടകള്‍ക്ക് 16,000 രൂപയും 2100 കാര്‍ഡിനു മുകളില്‍ 47,000 രൂപയുമായിരിക്കും ലഭിക്കുക. 207 കോടി രൂപയാണ് ഇതിന് അധികച്ചെലവ് വരുന്നത്. ഇതില്‍ 44.59 കോടി രൂപ കേന്ദ്ര സഹായമായി ലഭിക്കും. പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്ന് കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ കൈകാര്യച്ചെലവ് ഈടാക്കുന്നതു വഴി 117.4 കോടി രൂപ സര്‍ക്കാരിന് ലഭിക്കും. ബാക്കി വരുന്ന 45 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ വഹിക്കും. പാക്കേജ് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാവുന്ന മൊത്തം ചെലവ് 349.5 കോടിയാണ്. കൂടാതെ വാതില്‍പ്പടി വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും കൃത്യമായ അളവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യം നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it