റേഷന്‍ വ്യാപാരികള്‍ 11 മുതല്‍ കടയടച്ച് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: കൂലി തര്‍ക്കം കാരണം എഫ്‌സിഐ ഗോഡൗണില്‍ നിന്നുള്ള റേഷന്‍ സാധനങ്ങളുടെ വിതരണം സ്തംഭിച്ച സാഹചര്യത്തില്‍ റേഷന്‍ മൊത്തവിതരണ വ്യാപാരികള്‍ ഈമാസം 11 മുതല്‍ സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രതിഷേധിക്കുന്നു.
കൂലി തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ 13 ദിവസമായി എഫ്‌സിഐയുടെ കഴക്കൂട്ടം, വലിയതുറ ഡിപ്പോകളില്‍ നിന്നുള്ള റേഷന്‍ സാധനങ്ങളുടെ വിതരണം മുടങ്ങി. കയറ്റിറക്ക് കൂലി വര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യമാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. എന്നാല്‍, സര്‍ക്കാര്‍ നല്‍കുന്ന കമ്മീഷന്‍ വര്‍ധിപ്പിക്കാതെ കൂലി വര്‍ധന സാധ്യമാവില്ലെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചിരുന്നു. നിലവില്‍ 3700 രൂപയാണ് സര്‍ക്കാര്‍ മൊത്തവിതരണക്കാര്‍ക്ക് കൈകാര്യക്കൂലിയായി നല്‍കുന്നത്. ഇത് 6900 ആയി വര്‍ധിപ്പിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായില്ല. ഈ സാഹചര്യത്തില്‍ കൂലിവര്‍ധന നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് മൊത്തവിതരണക്കാര്‍ നല്‍കുന്ന വിശദീകരണം.
ഗോഡൗണുകളിലെ സ്തംഭനാവസ്ഥയ്ക്ക് കാരണമായവര്‍ക്കെതിരേ എസ്മ പ്രയോഗിക്കണമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന സെക്രട്ടറി എ ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കയറ്റിറക്കു കൂലി നല്‍കരുതെന്ന എഫ്‌സിഐയുടെ നിര്‍ദേശവും ഹൈക്കോടതി ഉത്തരവും ഉണ്ടായിട്ടും കൂലിയുടെ പേരില്‍ റേഷന്‍ വിതരണം തടസ്സപ്പെടുത്തുന്ന നടപടിയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവാത്ത പക്ഷം സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ടു പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it