റേഷന്‍ വ്യാപാരികള്‍ക്ക് ജിഎസ്ടി ഇരുട്ടടിയാവുന്നു

എം വി വീരാവുണ്ണി
പട്ടാമ്പി: റേഷന്‍കടക്കാര്‍ക്കും ഭക്ഷ്യസുരക്ഷാ നിയമത്തിനും ഒരുപോലെ ഇരുട്ടടിയായി ചരക്കു സേവന നികുതി. പൊതുവിതരണ സമ്പ്രദായത്തെ തുരങ്കംവയ്ക്കുന്ന തരത്തിലാണു സര്‍ക്കാര്‍ ധൃതിപിടിച്ച് പുതിയ ജിഎസ്ടി നടപ്പാക്കിയതെന്നാണ് ആക്ഷേപം.
പാന്‍കാര്‍ഡുള്ള റേഷന്‍കടയുടമയ്ക്ക് കമ്മീഷന്റെ 5 ശതമാനവും ഇല്ലാത്തവര്‍ക്ക് 20 ശതമാനവുമാണ് ജിഎസ്ടി അടയ്‌ക്കേണ്ടത്. ലൈസന്‍സ് എടുത്താണ് ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം പൊതുവിതരണ ന്യായവില കടയുടമകള്‍ പുതിയ പരിഷ്‌കരണം നടപ്പാക്കുന്നത്. ഇതിനു പുറമെ അരി, ഗോതമ്പ്, മണ്ണെണ്ണ വന്നിവ ഓരോന്നിനും പ്രത്യേക ലൈസന്‍സ് എടുക്കാന്‍ നിര്‍ബന്ധിതമാവുന്നു. കൂടാതെ പഞ്ചായത്ത് തലത്തില്‍ ഡിആന്റ്ഒ ലൈസന്‍സും തൊഴില്‍ നികുതിയും കൊടുക്കേണ്ടതുണ്ട്.
ഉല്‍പാദകര്‍ ജിഎസ്ടി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുകയാണു ചെയ്യുന്നത്. അതോടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് റേഷന്‍ സാധനങ്ങള്‍ക്കു തുച്ഛമായി ലഭിക്കുന്ന കമ്മീഷന്‍ തുകയില്‍ നിന്നു ചരക്ക് സേവനനികുതി നല്‍കേണ്ട സാഹചര്യത്തിലാണ് റേഷന്‍ കടയുടമകള്‍. സംസ്ഥാനത്തുള്ള 60 ശതമാനം റേഷന്‍ കടയുടമകള്‍ക്കും പാന്‍കാര്‍ഡില്ല. അതായത് നിലവിലുള്ള അവസ്ഥ അനുസരിച്ച് ഭൂരിഭാഗം പേരും 20 ശതമാനം ജിഎസ്ടി നല്‍കേണ്ടിവരും. പുതിയ പാന്‍കാര്‍ഡ് എടുക്കുന്ന മുറയ്ക്ക് അധികമായി വസൂലാക്കുന്ന 15 ശതമാനം മടക്കി നല്‍കാമെന്ന വാഗ്ദാനമാണു ബന്ധപ്പെട്ടവര്‍ നല്‍കുന്നത്. പ്രതിമാസം കമ്മീഷന്‍ നല്‍കുന്ന വ്യവസ്ഥയൊന്നും നിലവില്‍ പ്രാബല്യത്തിലില്ല.
4 മാസത്തെ വേതന കുടിശ്ശിക റേഷന്‍കടയുടമകള്‍ക്ക് ഭൂരിഭാഗത്തിനും ലഭിക്കാനുണ്ട്. ഈവര്‍ഷം ജൂലൈ വരെയുള്ള വിഹിതം മാത്രമേ ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ എത്ര വൈകിയാണു പ്രതിഫലം നല്‍കുന്നത് ആസമയത്തായിരിക്കും 20 ശതമാനം ചരക്ക് സേവന നികുതി വസൂലാക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഏകീകൃത തീരുമാനമൊന്നും ഇതുവരെ റേഷന്‍വ്യാപാരികളെ അറിയിച്ചിട്ടില്ല. പ്രതിവര്‍ഷം ലഭിക്കുന്ന കമ്മീഷന്റെ ശതമാനക്കണക്കിലാണോ അതോ വ്യത്യസ്ത ഇടവേളകളില്‍ ലഭിക്കുന്ന തുകകള്‍ക്കാണോ നികുതി നല്‍കേണ്ടത് എന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നു. ജൂലൈ മാസത്തില്‍ രാജ്യത്ത് നടപ്പാക്കിയ ചരക്ക് സേവന നികുതിക്ക് ശേഷം മുന്‍ നിരക്ക് പ്രകാരമുള്ള കമ്മീഷന്‍ സംസ്ഥാനത്ത് വിതരണം ചെയ്യാത്തതിനാല്‍ ഭൂരിഭാഗം റേഷന്‍ വ്യാപാരികള്‍ക്കും ചരക്ക് സേവന നികുതിയെ സംബന്ധിച്ച് വ്യക്തമായ ധാരണയില്ല.
എന്നാല്‍, കമ്മീഷന്‍ ലഭിച്ച അപൂര്‍വം ചിലര്‍ക്കാണ് 20 ശതമാനവും 5 ശതമാനവും നികുതി ഈടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് പാന്‍കാര്‍ഡില്ലാത്ത റേഷന്‍ വ്യാപാരികളുടെ ആശങ്കകള്‍ വര്‍ധിക്കുന്നതും.
Next Story

RELATED STORIES

Share it