Flash News

റേഷന്‍ വ്യാപാരികളുടെ കുറഞ്ഞ പ്രതിമാസ വേതനം 16,000



തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം 16,000 രൂപയാക്കി നിശ്ചയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചു തീരുമാനമായത്. 350 വരെ കാര്‍ഡുകളുള്ള റേഷന്‍ കടകള്‍ക്കാണ് 16,000 നിശ്ചയിച്ചത്.   സംസ്ഥാനത്ത് 350 മുതല്‍ 2100 വരെ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന കടകളെ വിവിധ സ്ലാബുകളാക്കി തിരിച്ച് ആദ്യത്തെ 3 സ്ലാബുകള്‍ക്ക് ഒരു നിശ്ചിത താങ്ങ് വേതനം നിശ്ചയിച്ചുകൊണ്ടാണ് ഈ പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. 2,100 വരെ കാര്‍ഡുകള്‍ കൈകാര്യംചെയ്യുന്ന വ്യാപാരികള്‍ക്ക് 47,000 രൂപ വരെ പ്രതിമാസം ലഭിക്കും. പുതിയ തീരുമാനം വഴി സംസ്ഥാനസര്‍ക്കാരിന് പ്രതിവര്‍ഷം 350 കോടി രൂപ സാമ്പത്തികബാധ്യത വരുമെന്നാണു കണക്കുകൂട്ടുന്നത്. ഈ പാക്കേജില്‍ നിശ്ചയിക്കപ്പെട്ട വേതനം ലഭിക്കണമെങ്കില്‍ വ്യാപാരികള്‍ നിശ്ചിത അളവിലുള്ള ധാന്യം ബയോമെട്രിക് സംവിധാനത്തിലൂടെ വിതരണം ചെയ്തിരിക്കണം. ഇതുകൂടാതെ വ്യാപാരികള്‍ ആവശ്യപ്പെട്ടവിധം കൃത്യമായ അളവില്‍ ധാന്യങ്ങള്‍ ഗോഡൗണുകളില്‍ നിന്ന് തൂക്കിക്കൊടുക്കുമെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഭക്ഷ്യഭദ്രതാ നിയമം നടപ്പില്‍വന്ന് നവംബര്‍ മാസം മുതല്‍ വാതില്‍പ്പടി വിതരണം ആരംഭിച്ച റേഷന്‍ കടക്കാര്‍ക്ക് മാര്‍ച്ചുമാസം വരെ ഇന്‍സെന്റീവായി പ്രതിമാസം 500 രൂപ വീതം നല്‍കാനും ധാരണയായി. നാളെ മുതല്‍ ആരംഭിക്കുന്ന റേഷന്‍ കാര്‍ഡ് വിതരണത്തില്‍ വ്യാപാരികളുടെ സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്നും ജനങ്ങള്‍ക്കു ചോര്‍ച്ചയില്ലാതെ ധാന്യങ്ങള്‍ വിതരണം ചെയ്യുമെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി വ്യാപാരികളോട് നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it