kannur local

റേഷന്‍ മുന്‍ഗണനാ പട്ടിക : പരാതിക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനം



കണ്ണൂര്‍: റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയതില്‍ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരുമായി കൂടിക്കാഴ്ച നടത്തി പരിഹാരം കണ്ടെത്താന്‍ പൊതുവിതരണ വകുപ്പിന്റെ തീരുമാനം. അന്തിമ മുന്‍ഗണനാ പട്ടിക സംബന്ധിച്ച് പുനരവലോകനം നടത്താനാണിത്. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ നല്‍കിയ പരാതിയുടെ മാനദണ്ഡം പരിശോധിക്കാന്‍ പൊതുവിതരണ വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി. ജില്ലയില്‍ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നേരിട്ടോ, ജില്ലാ കലക്ടര്‍, ജില്ലാ സപ്ലൈ ഓഫിസര്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷനിങ്, സന്നദ്ധ സംഘടനകള്‍, മറ്റു സ്രോതസ്സുകള്‍ മുഖേനയോ പരാതിക്കാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. അനര്‍ഹരുടെ എണ്ണം വര്‍ധിക്കുകയും വലിയ തോതില്‍ അര്‍ഹതയുള്ളവര്‍ പുറത്തായതായും സംബന്ധിച്ചുള്ള പരാതികളാണ് ഏറെയും. ഭക്ഷ്യഭദ്രത നിയമം അനുസരിച്ചായിരിക്കും പരാതികള്‍ തീര്‍പ്പാക്കുക. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ റേഷന്‍കടകളിലെത്തി പരാതിക്കാരുമായി കൂടിക്കാഴ്ച നടത്തി പരിഹരിക്കണമെന്നാണ് നിര്‍ദേശം. പരാതിക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ രേഖകളുമായി ഒത്തുനോക്കി മാത്രമേ പരിഹാരിക്കാനാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരമ്പരാഗത, അസംഘടിത തൊഴിലാളികളുടെ കുടുംബങ്ങള്‍, തദ്ദേശഭരണ വകുപ്പിന്റെ മാനദണ്ഡപ്രകാരം ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, ആശ്രയ പദ്ധതിയില്‍ അംഗങ്ങളായവര്‍ എന്നിവരെ യോഗ്യതയ്ക്കനുസരിച്ച് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. തൊഴില്‍രഹിതര്‍ എന്ന നിലയില്‍ മാര്‍ക്ക് നല്‍കുന്നത് കുടുംബനാഥനിലേക്ക് പരിമിതപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it