Idukki local

റേഷന്‍ പ്രതിസന്ധി; വ്യാപാരികള്‍ കടയടപ്പുസമരം ആരംഭിച്ചു



പീരുമേട്: സംസ്ഥാനത്തെ റേഷന്‍ സമ്പ്രദായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിച്ചു. പീരുമേട് താലൂക്ക് റേഷന്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. സിറിയക് തോമസ് ധര്‍ണ ഉത്ഘാടനം ചെയ്തു. 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വന്നതോടെ ഭൂരിപക്ഷം വരുന്ന കാര്‍ഡുടമകള്‍ക്കും റേഷന്‍ കിട്ടാത്ത സ്ഥിതിയാണ്. പഞ്ചസാര പൂര്‍ണമായും ഒഴിവാക്കിയതിനു പുറമേ മണ്ണെണ്ണ 500 മി.ലി ആയി പരിമിതപ്പെടുത്തി. 500 കാര്‍ഡ് ഉള്ള കടയ്ക്ക് 15,000 രൂപ പ്രതിമാസം ചിലവു വരുമ്പോള്‍ കേവലം 5000 രൂപയാണ് റേഷന്‍ കടക്കാരന് ലഭിക്കുന്നത്. ഇതിനു പുറമേയാണ് സര്‍ക്കാര്‍ നിശ്ചയിച്ച തോതില്‍ റേഷന്‍ കടകളില്‍ സാധനം എത്തിച്ചു നല്‍കാതെ കാര്‍ഡുടമകള്‍ക്ക് മൊബൈല്‍ വഴി സന്ദേശം അയക്കുന്നത്. ഈ രീതിയില്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിത കാല കടയടപ്പു സമരം ആരംഭിച്ചത്.  ജനോപകാരപ്രദമായതും അഴിമതിരഹിതവുമായ പൊതുവിതരണ സംവിധാനവും കേരളത്തിനു സ്വന്തമായ ഒരു പൊതുവിതരണ സംവിധാനവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. റേഷന്‍ വ്യാപാരികള്‍ക്ക് 16,000 രൂപ പ്രതിമാസ വേതനം അനുവദിച്ചു എന്നു പറയുന്നത് ശുദ്ധ തട്ടിപ്പാണ്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കണം. പൊതുവിതരണം ശക്തിപ്പെടുത്തണമെന്നും വാതില്‍പ്പടി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. നിയാസ്, ചന്ദ്രശേഖരന്‍, ജോസ് കുമളി, പി റ്റി കുര്യാക്കോസ്, മോന്‍സി കെ എബ്രഹാം, സണ്ണി അലക്‌സ്, ഹാരിസ് തുടങ്ങിയവര്‍ ധര്‍ണാ സമരത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it