Flash News

റേഷന്‍ പ്രതിസന്ധിയില്‍ : വ്യാപാരികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: കമ്മീഷന്‍ പുതുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അവഗണന കാണിക്കുന്നതില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നു. ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ഏപ്രില്‍ 24ന് നടത്തിയ സൂചനാ പണിമുടക്കിനുശേഷം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ കമ്മീഷന്‍ സംബന്ധിച്ചു തീരുമാനമാവാത്തതിനാലാണ് ഇന്നു മുതല്‍ കടയടപ്പു സമരം ആരംഭിക്കുന്നത്. റേഷന്‍ കാര്‍ഡ് വിതരണം ഉള്‍പ്പെടെയുള്ള നടപടികളോട് നിസ്സഹകരണം പ്രഖ്യാപിച്ചാണ് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കി ആറുമാസം പിന്നിട്ടിട്ടും റേഷന്‍ വ്യാപാരികളുടെ വേതനക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. വാതില്‍പ്പടി വിതരണം കൊല്ലത്ത് പേരിനു മാത്രം നടപ്പാക്കിയെങ്കിലും ഇത് സുതാര്യമല്ലെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഇതോടെ കഴിഞ്ഞ ആറുമാസമായി റേഷന്‍ വിതരണത്തില്‍ വ്യാപാരികള്‍ക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടിവരുന്നത്. ഇതു നികത്താന്‍ നിലവിലുള്ള കമ്മീഷന് പുറമെ ക്വിന്റലിന് 50 രൂപ അധികമായി ഇന്‍സെന്റീവ് നല്‍കാമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും വിഷുക്കാലത്തുപോലും ലഭിച്ചില്ലെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ചര്‍ച്ചയില്‍ വന്നെങ്കിലും നടപ്പാക്കാന്‍ 500 കോടി രൂപ അധികം വേണ്ടിവരുമെന്നതിനാല്‍ തല്‍ക്കാലം പരിഗണിക്കില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ചു പഠനം നടത്തിയ നിരവധി റിപോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും റേഷന്‍ വ്യാപാരികളുമടങ്ങിയ കമ്മിറ്റി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചെങ്കിലും ഇതു മാറ്റിവച്ച് വ്യാപാരികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. റേഷന്‍കടയില്‍ പിഒഎസ് യന്ത്രങ്ങളും കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും സ്ഥാപിച്ചുകഴിഞ്ഞാല്‍ പിന്നീട് കടയുടെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാവും. അതിനാല്‍ കട വാടക ഉള്‍പ്പെടെ വ്യക്തമായ എഗ്രിമെന്റും ധാരണയും ഉണ്ടെങ്കില്‍ മാത്രമേ കടമുറികള്‍ വിട്ടുനല്‍കുകയുള്ളൂ. റേഷന്‍ കടകള്‍ക്ക് ഗ്രേഡ് നിശ്ചയിച്ച് കടകളുടെ എണ്ണം 10,000 ആയി കുറയ്ക്കാനുള്ള നീക്കത്തെയും എതിര്‍ക്കും. റേഷന്‍ കാര്‍ഡ് വിതരണം നടത്തുന്നതിനുവേണ്ടിയാണ് ഒരുമാസ കാലാവധി മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ ഇത് അംഗീകരിക്കാന്‍ വ്യാപാരികള്‍ തയ്യാറല്ല. റേഷന്‍ കാര്‍ഡ് വിതരണം ഉള്‍പ്പെടെയുള്ള നടപടികളുമായി സഹകരിക്കാതെ മുന്‍ നിശ്ചയപ്രകാരം സമരം ആരംഭിക്കുമെന്നും ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it