thiruvananthapuram local

റേഷന്‍ പഞ്ചസാര കേന്ദ്രം നിര്‍ത്തലാക്കി : വെട്ടിലായത് ചില്ലറ റേഷന്‍ വിതരണക്കാര്‍



കിളിമാനൂര്‍: കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കടവഴി സബ്‌സിഡിയുള്ള റേഷന്‍ പഞ്ചസാരയുടെ വിതരണം നിര്‍ത്തി വെച്ചതോടെ സംസ്ഥാനത്താകമാനമുള്ള നൂറു കണക്കിന് റേഷന്‍ ചില്ലറ വ്യാപാരികള്‍ വെട്ടിലായി. പലകടകളിലും ക്വിന്റലുകണക്കിന് പഞ്ചസാര കെട്ടിക്കിടന്ന് നശിക്കുന്നു. എന്ത് ചെയ്യണമെന്ന് സര്‍ക്കാരോ സിവില്‍ സപ്ലെയിസ് ഉദ്യോഗസ്ഥരോ വ്യക്തമായ ഒരു നിര്‍ദ്ദേശവും റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് ഇനിയും നല്‍കിയിട്ടില്ല. രണ്ടു മാസത്തിലേറെ ആയി പഞ്ചസാര അംഗീകൃത ചില്ലറ ഡിപ്പോകളില്‍ (എആര്‍ഡി) ഇറക്കി വച്ചിട്ട്. പഞ്ചസാര ഇറക്കി വെച്ചതിനു ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ നിരോധനം വന്നത്. മഴ മൂലം അന്തരീക്ഷം തണുത്തതോടെ പഞ്ചസാര അലിഞ്ഞു വെള്ളമായി ഒഴുകി തുടങ്ങിയതായി പല ചില്ലറ വ്യാപാരികളും പറയുന്നു. സംസ്ഥാനത്ത് ബിപിഎല്‍ കാര്‍ഡുകളിലെ ഓരോ അംഗങ്ങള്‍ക്കും 250 ഗ്രാം പഞ്ചസാരയാണ് സബ്‌സിഡി നിരക്കില്‍ പ്രതിമാസം നല്‍കി വന്നിരുന്നത്. 13രൂപ 50 പൈസ യായിരുന്നു ഒരു കിലോ പഞ്ചസാരയുടെ വില. സംസ്ഥാനത്തു പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. ഇത് പൂര്‍ത്തിയാക്കാനും തുടര്‍ നടപടികള്‍ക്കും ഇനിയും മാസങ്ങള്‍ എടുക്കും അതിനു ശേഷമേ നിലവില്‍ അംഗീകൃത ചില്ലറ ഡിപ്പോകളില്‍ ഇരിക്കുന്ന പഞ്ചസാര എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം വരാന്‍ സാധ്യത ഉള്ളു. അതാണ് സ്ഥിതിയെങ്കില്‍ ഡിപ്പോകളില്‍ കെട്ടികിടക്കുന്ന പഞ്ചസാര ഉപയോഗ ശൂന്യമാകും. ക്വിന്റലിന് 1350 രൂപയാണ് വിലയെങ്കിലും 1525 രുപ വരെയാകും കടയില്‍ എത്തുമ്പോള്‍. ഇത് ഓരോ വ്യാപാരിക്കും സ്‌റ്റോക്കിന്റെ സ്ഥിതിയനുസരിച്ച് നഷ്ടമാകും. സംസ്ഥാനത്തകമാനം ആയിരക്കണക്കിന് ക്വിന്റല്‍ പഞ്ചസാരയാണ് അംഗീകൃത ചില്ലറ ഡിപ്പോകളില്‍ കെട്ടിക്കിടക്കുന്നത്. പൊതു വിപണിയില്‍ നിലവില്‍ ഒരു കിലോ പഞ്ചസാരക്ക് 42 രൂപ വിലയുണ്ട്. അംഗീകൃത ചില്ലറ ഡിപ്പോകളിലെ പഞ്ചസാര നശിച്ച് ഉപയോഗിക്കാന്‍ കഴിയാതെ വന്നാല്‍ മാസങ്ങള്‍ കഴിഞ്ഞു ഈ പഞ്ചസാര കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാരോ സിവില്‍ സപ്ലെയിസ് ഉദ്യോഗസ്ഥരോ നിര്‍ദ്ദേശിക്കുമ്പോള്‍ പൊതു വിപണിയില്‍ നിന്നും പഞ്ചസാര വാങ്ങി അംഗീകൃത ചില്ലറ ഡിപ്പോ ലൈസന്‍സികള്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യേണ്ടി വരും. അപ്പോള്‍ ഇവര്‍ക്കുണ്ടാകുന്ന നഷ്ടം വളരെ വലുതാകും. അടിയന്തിരമായി സര്‍ക്കാരും സിവില്‍ സെൈപ്ലസ് ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it