Editorial

റേഷന്‍ തടയുന്നത് ജനദ്രോഹം



ജാര്‍ഖണ്ഡില്‍ ഒരു പെണ്‍കുട്ടിയുടെ ദുരന്ത മരണത്തെ സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞയാഴ്ചയാണു വന്നത്. റേഷന്‍ സാധനങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ വേണമെന്നു നിര്‍ബന്ധമാക്കിയതോടെ കുടുംബത്തിന് അരി കിട്ടാതായി. അങ്ങനെ പട്ടിണി കിടന്നാണ് സന്തോഷികുമാരി മരിച്ചത്. അതു രാജ്യത്തെങ്ങും ഞെട്ടലുണ്ടാക്കി. ആധാര്‍ നമ്പറിന്റെ പേരില്‍ അരി തടയരുതെന്നു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, ജാര്‍ഖണ്ഡിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പൊതുവിതരണമേഖല സംബന്ധിച്ചു പഠനം നടത്തിയ വിദഗ്ധരും സന്നദ്ധസംഘടനകളും പറയുന്നത്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. പലര്‍ക്കും പക്ഷേ, ആധാര്‍ ലഭ്യമായിട്ടില്ല. വേറെ പലര്‍ക്കും വിരലടയാളം കൃത്യമായി യന്ത്രത്തില്‍ പതിയാത്തതിനാല്‍ റേഷന്‍ തടയപ്പെടുന്നു. ഇങ്ങനെ സംഭവിക്കാന്‍ ഒരു കാരണം റേഷന്‍ വാങ്ങുന്നവരില്‍ മഹാഭൂരിപക്ഷവും കൂലിത്തൊഴിലാളികളാണെന്നതാണ്. കഠിനാധ്വാനംമൂലം വിരലില്‍ തഴമ്പു വന്ന് അവരുടെ കൈയിലെ രേഖകള്‍ കൃത്യമായി തെളിയുന്നില്ല. യന്ത്രത്തിന് അവരെ തിരിച്ചറിയാനും കഴിയുന്നില്ല. ഫലം, റേഷന്‍ നിഷേധിക്കലാണ്. സന്നദ്ധസംഘടനകളുടെ കണക്കുകള്‍ പ്രകാരം ആധാര്‍ നിര്‍ബന്ധമാക്കിയതോടെ 15ഉം 20ഉം ശതമാനം പേര്‍ക്കു വരെ റേഷന്‍ നിഷേധിക്കപ്പെടുന്നുണ്ട്. അതു വളരെ ഉയര്‍ന്ന ഒരു സംഖ്യയാണ്. പുതിയ പരിഷ്‌കാരങ്ങള്‍ കാരണം കോടിക്കണക്കിനു കുടുംബങ്ങള്‍ക്ക് റേഷന്‍ നിഷേധിക്കപ്പെടുന്നതായാണ് അനുമാനിക്കേണ്ടിയിരിക്കുന്നത്.റേഷന്‍ സംവിധാനം നടപ്പാക്കിയത് ദുര്‍ബല വിഭാഗങ്ങള്‍ക്ക് അരിയും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാവുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായാണ്. കര്‍ഷക-കര്‍ഷകത്തൊഴിലാളി വിഭാഗങ്ങളും കൂലിത്തൊഴിലാളികളും ആദിവാസികളും ഒക്കെയാണ് റേഷന്‍ സംവിധാനത്തിന്റെ ആനുകൂല്യം പ്രധാനമായി ഉപയോഗിച്ചുവരുന്നത്. ആ വിഭാഗങ്ങള്‍ക്കു തന്നെയാണ് പുതിയ പരിഷ്‌കാരങ്ങള്‍ വലിയ കണ്ഠകോടാലിയായി മാറിയതും. പൊതുവിതരണസമ്പ്രദായത്തില്‍ അഴിമതിയുണ്ടായിരുന്നുവെന്നത് വാസ്തവം തന്നെയാണ്. പക്ഷേ, അത് താരതമ്യേന അപ്രധാനമാണ്. കാരണം, റേഷന്‍ വെട്ടിപ്പു നടക്കുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കുന്നത് പ്രദേശത്തെ സാധാരണക്കാരാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അതേ ജനങ്ങള്‍ അഴിമതിക്കെതിരേ ശക്തമായി രംഗത്തുവരും. ജനകീയമായ ഈ ജാഗ്രതയാണ് ഒരു പരിധിവരെ റേഷന്‍ സമ്പ്രദായം ഫലപ്രദമായി നടന്നുപോവുന്നതിനു കാരണമായത്. ഇത്തരം ജനകീയ സംവിധാനങ്ങളെ അട്ടിമറിച്ച് പകരം സാങ്കേതികവിദ്യ അഴിമതി തടയാനുള്ള ഏകമാര്‍ഗമായി മാറ്റുകയാണു സര്‍ക്കാര്‍ ചെയ്തത്. അഴിമതി തടയുന്നതിന് ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ സഹായകമായേക്കാം. അത്തരം സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും വേണം. പക്ഷേ, അത് ജനങ്ങള്‍ക്കു ലഭ്യമാവുന്ന സൗകര്യങ്ങള്‍ അട്ടിമറിക്കുന്ന തരത്തിലാവരുത്. റേഷന്‍ രംഗത്തെ ഇലക്‌ട്രോണിക് സംവിധാനങ്ങളുടെ ഉപയോഗം അത്തരത്തിലുള്ള ഒരു സാഹചര്യത്തിലേക്കാണു നയിക്കുന്നത് എന്നുവേണം സമീപകാല അനുഭവങ്ങളില്‍ നിന്ന് അനുമാനിക്കാന്‍.
Next Story

RELATED STORIES

Share it