Kottayam Local

റേഷന്‍ കാര്‍ഡ് ലഭിക്കാതെ ജനം ദുരിതത്തില്‍

കോട്ടയം: റേഷന്‍ കാര്‍ഡ് ലഭിക്കാത്തതും തെറ്റുതിരുത്തല്‍ നടക്കാത്തതും മൂലം ജനം ദുരിതത്തിലാവുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് നൂറുകണക്കിനാളുകള്‍ക്കു റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സ്ഥിതിയുണ്ടാക്കിയിരിക്കുന്നത്.
കാര്‍ഡ് എന്നു ലഭിക്കുമെന്നു പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ആരോഗ്യ സംരക്ഷണ പദ്ധതി ഉള്‍പ്പെടെ സര്‍ക്കാര്‍  ആനുകൂല്യങ്ങള്‍ക്കെല്ലാം റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍, കൃത്യ സമയത്ത് റേഷന്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്കൊന്നും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കഴിഞ്ഞിട്ടില്ല. നവംബര്‍ 30 വരെയായിരുന്നു പദ്ധതിയില്‍ ചേരാനുള്ള അവസരം നല്‍കിയിരുന്നത്. ഉദ്യോഗസ്ഥരുടെ അശ്രദ്ധ കൊണ്ടാണ് റേഷന്‍ കാര്‍ഡുകളില്‍ വ്യാപകമായ തെറ്റുകള്‍ കടന്നുകൂടിയത്. ഇതു തിരുത്താനായി മാസങ്ങള്‍ക്കു മുമ്പ് ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് മടക്കി നല്‍കിയതാണ്.
ഇതുവരെയും തിരുത്തലുകള്‍ വരുത്തിയുള്ള കാര്‍ഡ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മാത്രമല്ല കാര്‍ഡ് പുതുക്കിലഭിക്കാത്തവര്‍ക്ക് റേഷന്‍ പോലും നിഷേധിക്കപ്പെട്ടു. റേഷന്‍ കാര്‍ഡ് പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അനങ്ങാപ്പാറനയം തുടര്‍ന്നാല്‍ ശക്തമായ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ് പറഞ്ഞു.
Next Story

RELATED STORIES

Share it