റേഷന്‍ കാര്‍ഡ് കാലാവധി 10 വര്‍ഷമാക്കണം

നമ്മുടെ സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ട് ഒരുവര്‍ഷത്തോളമായെങ്കിലും ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. തെറ്റുകള്‍ തിരുത്താനുള്ള ഫോറങ്ങളുടെ വിതരണവും അവ തിരിച്ചുവാങ്ങലുമൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തേ ഡാറ്റാ എന്‍ട്രി നടത്തിയവരെ തന്നെ തെറ്റുതിരുത്താനുള്ള പണിയും ഏല്‍പിക്കുന്ന പക്ഷം തെറ്റില്ലാത്ത റേഷന്‍ കാര്‍ഡുകള്‍ നമുക്ക് ലഭിക്കുമോ എന്ന് കണ്ടറിയണം. ഭക്ഷ്യവസ്തുക്കള്‍ക്കൊക്കെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുവിതരണ സംവിധാനത്തിനും റേഷന്‍ കടകള്‍ക്കും റേഷന്‍ കാര്‍ഡിനുമൊക്കെ വലിയ പ്രാധാന്യമാണ് ജനങ്ങള്‍ കല്‍പ്പിക്കുന്നത്. അതുകൊണ്ടാണ് ജനങ്ങള്‍ റേഷന്‍ കടകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നത്. നമ്മുടെ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും മനസ്സുവച്ചാല്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ വളരെ എളുപ്പത്തില്‍ നടത്താമായിരുന്നു. അതിലേക്കായി ചില നിര്‍ദേശങ്ങള്‍:
1. നിലവില്‍ പുതിയ റേഷന്‍ കാര്‍ഡ് എടുക്കാനും പേര് ഉള്‍പ്പെടുത്താനും നീക്കം ചെയ്യാനും ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുമൊക്കെ അക്ഷയാ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതി. റേഷന്‍ കാര്‍ഡ് പുതുക്കാനും അക്ഷയാ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമേര്‍പ്പെടുത്താമായിരുന്നു.
2. 2008 ജനുവരി മുതല്‍ 2012 ഡിസംബര്‍ വരെ (5 വര്‍ഷം) കാലാവധിയുള്ള റേഷന്‍ കാര്‍ഡുകളാണ് 2008ല്‍ നല്‍കിയത്. അതനുസരിച്ച് 2013 ജനുവരി മുതല്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, 2015 ജനുവരിയിലാണ് പുതിയ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതു തന്നെ. പുതിയ കാര്‍ഡ് എന്ന് കിട്ടുമെന്ന് പറയാന്‍ കഴിയില്ല. പുതിയ കാര്‍ഡുകളുടെ കാലാവധി 10 വര്‍ഷമായി ഉയര്‍ത്തുന്നത് നന്നാവും (2016 ജനുവരി മുതല്‍ 2025 ഡിസംബര്‍ വരെ).
3. നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ ഒന്നാം ആഴ്ച, രണ്ടാം ആഴ്ച എന്നിങ്ങനെ അഞ്ച് ആഴ്ചകളിലെ റേഷന്‍ വിഹിതം രേഖപ്പെടുത്താനുള്ള കോളങ്ങള്‍ കാണാം. നേരത്തേ ഭക്ഷ്യവസ്തുക്കള്‍ ഓരോ അംഗത്തിനും ഒരാഴ്ചത്തേക്ക് ഇത്ര യൂനിറ്റ് എന്ന തോതിലാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ ഒരു മാസത്തേക്കുള്ള റേഷന്‍ വിഹിതമാണ് അനുവദിക്കുന്നത്. അതിനാല്‍ ഒരു മാസത്തേക്ക് ഒരു കോളം മതിയാവും. അതിനാല്‍ 10 വര്‍ഷമാക്കിയാലും റേഷന്‍ കാര്‍ഡിന്റെ പേജ് കൂട്ടേണ്ടിവരില്ല.
4 ഏത് റേഷന്‍ കടയില്‍ നിന്ന് സാധനം വാങ്ങിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കാര്‍ഡ് ഉടമയ്ക്ക് നല്‍കണം. സപ്ലൈ ഓഫിസുകള്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ നേരിട്ട് വിതരണം ചെയ്യുകയും കാര്‍ഡുടമകള്‍ അവ അവര്‍ക്കിഷ്ടമുള്ള റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത് അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങുകയും ചെയ്യട്ടെ. ഏത് റേഷന്‍ കടയിലേക്കാണ് കാര്‍ഡുടമകള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുകയെന്ന് അറിയുന്നവര്‍ കാര്‍ഡുടമകളാണ്. അതിനാല്‍ സംസ്ഥാനത്തെ 14,000 റേഷന്‍ കടകളില്‍ നിന്ന് തങ്ങള്‍ക്കിഷ്ടമുള്ള റേഷന്‍ കട തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കാര്‍ഡുടമകള്‍ക്കു നല്‍കണം.
5 കുടുംബനാഥന്‍ ആരെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഭക്ഷ്യവകുപ്പ് കവര്‍ന്നെടുത്തത് ശരിയായില്ല. കുടുംബനാഥന്‍ ആരെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അതത് കുടുംബത്തിനു തന്നെ വിട്ടുകൊടുക്കണം.

അഹമ്മദുണ്ണി കാളാച്ചാല്‍
ആലങ്കോട്

Next Story

RELATED STORIES

Share it