malappuram local

റേഷന്‍ കാര്‍ഡ്: അനര്‍ഹരെ ഒഴിവാക്കാന്‍ നടപടിയായില്ല



കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റേഷന്‍ കാര്‍ഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി വിതരണം ആരംഭിച്ചു. നാലുതരം കാര്‍ഡുകളാണ് വിതരണം നടത്തേണ്ടത്. നീല, പിങ്ക്. മഞ്ഞ, വെള്ള കളറുകളെ വിവിധ കാറ്റഗറിയായി തരംതിരിച്ചിരിക്കുന്നു. വിതരണം നടത്തിയ ഭാഗങ്ങളില്‍ അനര്‍ഹര്‍ ഏറെയുള്ളതായി ആക്ഷേപമുയരുന്നുണ്ട്. കൃത്യമായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് അപേക്ഷ പൂരിപ്പിച്ചിരുന്നത്. പരിഗണനാര്‍ഹര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകമാനദണ്ഡം നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍,അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, നാലു ചക്രവാഹനമുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആയിരം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള വീടുള്ളവര്‍, ഇരുപത്തയ്യായിരം പ്രതിമാസ വരുമാനമുള്ളവര്‍ എന്നിവരെ ഒഴിവാക്കണമെന്ന നിര്‍ദേശം പ്രായോഗികമായിട്ടില്ല എന്നാണ് വിതരണം നടത്തിയ കാര്‍ഡുകള്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ ജനുവരി ആദ്യത്തില്‍ അനര്‍ഹരായ 5,226 പേരെ നീക്കംചെയ്തിരുന്നു. ഇതിന് പുറമെ 2,379 പേര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോവുകയും അനര്‍ഹരായ 9,467 പേര്‍ ഇടം പിടിച്ചതും കണ്ടത്തിയിരുന്നു. സര്‍ക്കാര്‍ ആദ്യം പുറത്തിറക്കിയ പരിഗണനാലിസ്റ്റില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ ചേര്‍ക്കാന്‍ താലൂക്ക് ആസ്ഥാനത്ത് ഹിയറിങ് നടത്തിയിരുന്നു. പിന്നീട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അന്തിമ ലിസ്റ്റ് അംഗീകരിച്ച് നല്‍കേണ്ട ചുമതലയായി. എന്നാല്‍, ലിസ്റ്റില്‍ ഇല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ ഗ്രാമസഭകള്‍ക്ക് കഴിഞ്ഞിരുന്നില്ല. അനര്‍ഹരായവരുടെ പേര് കണ്ടെത്തി നീക്കംചെയ്യാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഗ്രാമസഭകളില്‍ പ്രാദേശിക രാഷ്ടിയ നേതൃത്വം അനര്‍ഹരായവരെകൂടി പരിഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഗ്രാമസഭകളില്‍ അനര്‍ഹരെ പുറത്താക്കാനുള്ള ചര്‍ച്ച വന്നിരുന്നെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാതെ പലരും തങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചാ വേദിയായി ഗ്രാമസഭയെമാറ്റുകയായിരുന്നു. വിതരണം ചെയ്ത കാര്‍ഡുടമകളുടെ വീടുകളില്‍ കയറി ഉദ്യോഗസ്ഥര്‍ കൃത്യമായി രേഖകള്‍ പരിശോധന നടത്തിയാല്‍ തീരുന്ന പ്രശ്‌നമാണ് നിലവിലുള്ളത്. റേഷന്‍ കട ഉടമകള്‍ അനര്‍ഹരുടെ ലിസ്റ്റ് നല്‍കാന്‍ സാധ്യത കുറവാണ്. പല ഷോപ്പുടമകളും അനര്‍ഹരുടെ വിഹിതം വെട്ടിക്കുറച്ച് നല്‍കുകയും മറിച്ച് വില്‍പന നടത്താറുമുണ്ട്. ജൂലൈയോടെ കാര്‍ഡു വിതരണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഏറനാട് താലൂക്കില്‍ 176 റേഷന്‍ കടകളിലായി 12,4,000 കാര്‍ഡുകളാണ് വിതരണം ചെയ്യണ്ടത്. ഏറനാട് താലൂക്കില്‍ വിതരണം ചെയ്ത കാര്‍ഡുകളില്‍ അര്‍ഹരായവര്‍ പുറത്തും അനര്‍ഹര്‍ അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും ചുണ്ടിക്കാണിച്ചപ്പോള്‍, വിതരണം പൂര്‍ത്തികരിച്ചാല്‍ വീടുകളിലെത്തി അന്വേഷണം നടത്തുമെന്നും അത്തരം കാര്‍ഡുകള്‍ റദ്ദു ചെയത് ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it