malappuram local

റേഷന്‍ കാര്‍ഡ്അനര്‍ഹരെ കണ്ടെത്താനുള്ള പരിശോധന ഊര്‍ജിതം

മലപ്പുറം: റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയ അനര്‍ഹരെ കണ്ടെത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ പരിശോധന. പരിശോധന കര്‍ശനമാക്കിയതു മൂലം ജില്ലയില്‍ ഇതുവരെ 27,000 ത്തോളം മുന്‍ഗണന കാര്‍ഡുകളാണ് പൊതുവിഭാഗത്തിലേക്ക് മാറിയത്.
മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ ഈ മാസം 31ന് മുമ്പായി റേഷന്‍ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. അനര്‍ഹരില്‍ നിന്നു 2016 നവംബര്‍ ഒന്നു മുതലുള്ള കാലയളവില്‍ കൈപറ്റിയ റേഷന്‍ വിഹിതത്തിന്റെ മാര്‍ക്കറ്റ് വില ഈടാക്കും. അവശ്യസാധന നിയമ പ്രകാരം കേസും രജിസ്റ്റര്‍ ചെയ്യും. അനര്‍ഹമായി മുന്‍ഗണനാ പട്ടികയിലുള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ വകുപ്പുതല നടപടികളും കൈക്കൊള്ളുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. പാര്‍ട് ടൈം, താല്‍ക്കാലിക ജീവനക്കാര്‍ ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ക്ലാസ് 4 തസ്തികയില്‍നിന്നു വിരമിച്ചവരോ അയ്യായിരം രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവരോ ഒഴികെയുള്ള സര്‍വീസ് പെന്‍ഷണേഴ്‌സ്, ആദായ നികുതി നല്‍കുന്നവര്‍, ടാക്‌സിയല്ലാത്ത നാലുചക്ര വാഹനമുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആയിരം ചതുരശ്ര അടിക്കു മുകളില്‍ വീടുള്ളവര്‍, 25,000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ തുടങ്ങിയവര്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഇടം നേടാന്‍ അര്‍ഹതയില്ലാത്തവരാണ്.
ഇവര്‍ അതത് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ സ്വമേധയാ അപേക്ഷ നല്‍കി റേഷന്‍ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റണമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it