kozhikode local

റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചു തുടങ്ങി

മുക്കം: ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളില്‍ ഇ പോസ് മെഷീനുകള്‍ (ഇലക് ട്രോണിക് പോയിന്റ് ഓഫ്‌സെയില്‍) സ്ഥാപിച്ചു തുടങ്ങി.
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ അതത് കാര്‍ഡുടമകള്‍ക്ക് തന്നെ  ലഭിക്കുന്നതായി ഉറപ്പു വരുത്തുക എന്നതാണ് മെഷീന്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ റേഷന്‍ കാര്‍ഡിലേയും അംഗങ്ങളായവര്‍ക്ക് മാത്രമേ അതത് കാര്‍ഡുകളിലെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുകയുള്ളൂ. മെഷീനില്‍ കാര്‍ഡുടമകളുടെ വിരലടയാളം പതിയുന്നതോടെ മാത്രമേ ഇനി മുതല്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കൂ. മെഷീന്‍ സ്ഥാപിക്കുന്നതിലൂടെ റേഷന്‍ സാധനങ്ങള്‍ മറിച്ച് വില്‍ക്കുന്നത് തടയാനാവുമെന്നും കണക്ക് കൂട്ടുന്നു. ജില്ലയില്‍ റേഷന്‍ കടകളില്‍ മെഷീനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
രണ്ട് സിംകാര്‍ഡുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് മെഷീന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ മെഷീനുകളില്‍ ബിഎസ്എന്‍എല്‍ സിം കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് കിട്ടാത്ത സ്ഥലങ്ങളില്‍ മറ്റു സിം കാര്‍ഡുകള്‍ അനുമതി വാങ്ങി ഉപയോഗിക്കാം.
മെഷീന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മുക്കത്ത് റേഷന്‍ വ്യാപാരികള്‍ക്ക് പരിശീലനവും നല്‍കി.
മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ 35 റേഷന്‍ കടയുടമകള്‍ക്കും അവരുടെ ജീവനക്കാര്‍ക്കുമാണ് പരിശീലനം നല്‍കിയത്.അതേ സമയം പുതിയ സാങ്കേതികവിദ്യ റേഷന്‍ വ്യാപാരികള്‍ക്കും കാര്‍ഡുടമകള്‍ക്കും ദുരിതമാവുമെന്നും ആക്ഷേപമുണ്ട്.പ്രായം ചെന്ന വ്യാപാരികളും കാര്‍ഡുടമകളും ഇത് എങ്ങിനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയിലാണ്.
Next Story

RELATED STORIES

Share it