kozhikode local

റേഷന്‍സാധനങ്ങള്‍ക്ക് തൂക്കക്കുറവ്; ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും കള്ളക്കളിയെന്ന് ആരോപണം

വടകര: റേഷന്‍ സാധനങ്ങളുടെ തൂക്കക്കുറവിനു പിന്നില്‍ മൊത്തവ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും കള്ളക്കളിയെന്ന് ആരോപണം. റേഷന്‍ ഷോപ്പ് ഉടമകള്‍ക്കു സാധനങ്ങള്‍ ചാക്ക് അടിസ്ഥാനത്തില്‍ തൂക്കി കിട്ടാത്തതിനാല്‍ അനുഭവപ്പെടുന്ന ഭാരക്കുറവ് കാര്‍ഡ് ഉടമകളുടെ തലയിലാണ് വീഴുന്നത്. തൂക്കത്തിനനുസരിച്ച് സാധനങ്ങള്‍ ലഭിക്കാത്ത റേഷന്‍ കടക്കാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇവ നല്‍കുമ്പോള്‍ ഭാരം കുറച്ച് നഷ്ടം നികത്തുകയാണ് ചെയ്യുന്നത്. മൊത്ത വ്യാപാരിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന ആക്ഷേപം ശക്തമാണ്. റേഷന്‍ സാധനങ്ങളുടെ തൂക്കം കൃത്യമാണോ എന്ന കാര്യത്തില്‍ ഫലപ്രദമായ പരിശോധനകളും നടപടികളും ഉണ്ടാകുന്നില്ല. എഫ്‌സിഐയില്‍ ചാക്ക് അടിസ്ഥാനത്തില്‍ തൂക്കുന്നതിനു പകരം വെയി ബ്രിഡ്ജില്‍ ലോറി മൊത്തം തൂക്കി ലോറിയുടെ ഭാരം കുറച്ചാണ് സാധനങ്ങളുടെ തൂക്കം കണക്കാക്കുന്നത്. ഇതു കാരണം ഓരോ ചാക്കിലെയും വ്യത്യസ്ത തൂക്കം നിശ്ചയിക്കപ്പെടാതെ പോകുന്നു. ഭാരത്തിനു പകരം ചാക്കുകളുടെ എണ്ണം കണക്കാക്കി മൊത്ത വ്യാപാരി റേഷന്‍കടക്കാര്‍ക്ക് സാധനം നല്‍കുമ്പോള്‍ തൂക്കം കുറഞ്ഞ ചാക്കിലെ നഷ്ടം കാര്‍ഡ് ഉടമകള്‍ സഹിക്കേണ്ട അവസ്ഥ. റേഷന്‍ കടയില്‍ നിന്നു സാധനം നല്‍കുമ്പോള്‍ ഭാരം കുറക്കുന്നതായാണ് പരാതി.
ഇതിലൂടെ കാര്‍ഡ് ഉടമകള്‍ക്ക് യഥാര്‍ഥ അളവില്‍ സാധനം കിട്ടാതെ പോകുകയാണ് ചെയ്യുന്നത്. മൊത്ത വ്യാപാരിയുടെ ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ റേഷന്‍ കടക്കാരനു പുറമെ സിവില്‍ സ്‌പ്ലൈസിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യവും ഉണ്ടായിരിക്കണം. ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന്‍ അളവ് തൂക്ക ഉപകരണം പരിശോധിക്കുകയും വേണ്ടതുണ്ട്. പലയിടത്തും ഇത്തരം ഏര്‍പാടൊന്നും നടക്കാറില്ല. മൊത്ത വ്യാപാരി നിശ്ചയിക്കുന്നതു പോലെയാണ് കാര്യങ്ങള്‍.
റേഷന്‍കടക്കാരന്‍ ഏതെങ്കിലും ലോറി വിടുകയും മൊത്ത വ്യാപാരിയുടെ ഗോഡൗണില്‍ നിന്നു ലോറി ഡ്രൈവറുടെ ഉത്തരവാദിത്വത്തില്‍ സാധനം കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. സാധനം ഏറ്റെടുക്കുമ്പോള്‍ മൊത്ത വ്യാപാരിയുടെ രജിസ്റ്ററില്‍ റേഷന്‍കടക്കാരന്‍ ഒപ്പിട്ടിരിക്കണം.
ഇതൊന്നും പാലിക്കപ്പെടാറില്ല. എഫ്‌സിഐ ഗോഡൗണില്‍ നിന്ന് മൊത്ത വ്യാപാരിയുടെ ഗോഡൗണില്‍ ഇറക്കാതെ നേരിട്ട് റേഷന്‍കടക്കാരന്റെ ലോറിയിലേക്ക് മാറ്റിക്കയറ്റുന്ന രീതിയും തുടങ്ങിയിരിക്കുകയാണ്. ഇവിടെയും അളവു തൂക്ക പരിശോധന നടക്കാതെ പോകുന്നു. ഇതിനു ചുമട്ടുതൊഴിലാളികളും കൂട്ടൂനില്‍ക്കുന്നതായി ആക്ഷേപമുണ്ട്.
മൊത്ത വ്യാപാരിയുടെ ഗോഡൗണില്‍ ഇറക്കുകയും പിന്നീട് റേഷന്‍ കടക്കാരന്റെ ലോറിയിലേക്ക് കയറ്റുകയും ചെയ്യുന്നതിനു പകരം നേരിട്ട് റേഷന്‍ കടക്കാരന്റെ ലോറിയിലേക്ക് മറിക്കുമ്പോള്‍ ചുമട്ട് തൊഴിലാളിയെ സംബന്ധിച്ചിടത്തോളം അധ്വാനം കുറവാണെങ്കിലും കിട്ടുന്ന കൂലിക്ക് മാറ്റമുണ്ടാവില്ല. ചാക്കുകളുടെ തൂക്കം പരിശോധിക്കപ്പെടാതെ പോകുന്നതിനാല്‍ മൊത്ത വ്യാപാരിയെ സംബന്ധിച്ചിടത്തോളം ഗുണകരമാണ് ഈ പ്രവൃത്തി.
സാധനങ്ങളുടെ തൂക്കം ഉറപ്പു വരുത്തണമെന്ന് റേഷന്‍ വ്യാപാരികള്‍ പതിവായി ആവശ്യപ്പെടുമ്പോഴാണ് സിവില്‍ സപ്ലൈസിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന കള്ളക്കളി. ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നതാവട്ടെ കാര്‍ഡ് ഉടമകളും. തൂക്കകുറവെന്ന് ഏതെങ്കിലും കാര്‍ഡ് ഉടമ പരാതിപ്പെട്ടാല്‍ തങ്ങള്‍ക്കും അത്രയേ കിട്ടുന്നുള്ളൂ എന്ന മറുപടിയാവും റേഷന്‍കടക്കാരന്റേത്.
Next Story

RELATED STORIES

Share it