wayanad local

റേഷന്‍കാര്‍ഡ് വിതരണം ഈ മാസം പൂര്‍ത്തിയാക്കാന്‍ ഊര്‍ജിത ശ്രമം



കല്‍പ്പറ്റ: റേഷന്‍കാര്‍ഡ് വിതരണം ഈ മാസം തന്നെ പൂര്‍ത്തിയാക്കുന്നതിന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. മൂന്നു വരെയുള്ള കണക്കനുസരിച്ച് സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 7,146 കാര്‍ഡുകളും  മാനന്തവാടിയില്‍ 3,353, വൈത്തിരിയില്‍ 4,545 കാര്‍ഡുകളുമാണ് വിതരണം ചെയ്തത്. ഈ മാസം അവസാനത്തോടെ വിതരണം പൂര്‍ത്തിയാവുമെന്ന് സപ്ലൈകോ ജൂനിയര്‍ സൂപ്രണ്ട് വിന്‍സെന്റ് അറിയിച്ചു. റേഷന്‍കടകള്‍ മുഖേനയോ സമീപത്തെ സൗകര്യപ്രദമായ സ്ഥലത്തോ ആണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് നാലു നിറങ്ങളിലാണ് റേഷന്‍കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ളത്. അപേക്ഷ സ്വീകരിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കി വിവരശേഖരണവും ഓണ്‍ലൈന്‍ കൃത്യതാ പരിശോധനയും നടത്തിയശേഷം തെറ്റുകള്‍ തിരുത്താന്‍ എല്ലാ കാര്‍ഡുടമകള്‍ക്കും കരട് പകര്‍പ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് അന്തിമ പട്ടികകള്‍ നഗരസഭകളിലും പഞ്ചായത്തുകളിലും പ്രസിദ്ധീകരിച്ചത്. മഞ്ഞ, പിങ്ക്, നീല, വെളുപ്പ് എന്നീ നിറങ്ങളിലാണ് കാര്‍ഡുകള്‍. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് മഞ്ഞ നിറത്തിലുള്ള അന്ത്യോദയ അന്നയോജന കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. മാസത്തില്‍ 28 കിലോഗ്രാം അരി, ഏഴു കിലോ ഗോതമ്പ്, എന്നിങ്ങനെ 35 കിലോ ഭക്ഷ്യധാന്യം ഈ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി ലഭിക്കും. നേരത്തെ ബിപിഎല്‍ പട്ടികയില്‍ പിന്നാക്കം നിന്നവര്‍ക്കാണ് പിങ്ക് നിറത്തിലുള്ള കാര്‍ഡുകള്‍ നല്‍കിയിരുന്നത്. നാലു കിലോ അരി, ഒരു കിലോ ഗോതമ്പ് അടക്കം അഞ്ചു കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. ഓരോ അംഗങ്ങള്‍ക്കും അഞ്ചു കിലോ അരി വീതമാണ് ലഭിക്കുക. സബ്‌സിഡി ആനുകൂല്യമുള്ള മുന്‍ഗണനേതര വിഭാഗത്തില്‍പെട്ടവര്‍ക്കാണ് നീല കാര്‍ഡുകള്‍. മുന്‍ഗണനാ വിഭാഗത്തില്‍പെടാതെ പോയവരും ആനുകൂല്യത്തിന് അര്‍ഹതയുള്ളവരുമാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രണ്ടുരൂപ നിരക്കില്‍ രണ്ടു കിലോ അരിയും ഒരു കിലോ ഗോതമ്പും അടക്കം മൂന്നു കിലോചഗ്രാം ഭക്ഷ്യധാന്യം കാര്‍ഡിലെ ഓരോ അംഗത്തിനും ലഭിക്കും. സൗജന്യമില്ലാതെ വിലക്കുറവില്‍ ഭക്ഷ്യധാന്യം നല്‍കുന്നവര്‍ക്കാണ് വെള്ള കാര്‍ഡുകള്‍. 6.70 രൂപ നിരക്കില്‍ മൂന്നു കിലോ ഗോതമ്പും 8.90 നിരക്കില്‍ അഞ്ചു കിലോ അരിയും ലഭിക്കും. ജില്ലയില്‍ ആകെ 1,96,199 കാര്‍ഡുടമകളാണുള്ളത്. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ 47,068, മുന്‍ഗണനാ വിഭാഗത്തില്‍ 53,783 കാര്‍ഡുടമകളുമുണ്ട്. സബ്‌സിഡിയുള്ള മുന്‍ഗണനാ വിഭാഗത്തില്‍ 64,942 കാര്‍ഡുടമകളും മുന്‍ഗണനേതര വിഭാഗത്തില്‍ 30,406 കാര്‍ഡുകളുമാണുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ആകെ 7,30,026 കാര്‍ഡുടമകളാണുള്ളത്. ഇതില്‍ അന്ത്യോദയ അന്നയോജന- 17359, മുന്‍ണനാ വിഭാഗം- 18717, സബ്‌സിഡിയുള്ള മുന്‍ഗണനാ വിഭാഗം- 24179, മുന്‍ഗണനേതര വിഭാഗം- 12771 എന്നിങ്ങനെയാണ്. വൈത്തിരി താലൂക്കില്‍ ആകെ 61,878 കാര്‍ഡുടമകളുണ്ട്. അന്ത്യോദയ അന്നയോജന- 13030, മുന്‍ഗണനാ വിഭാഗം- 18860, സബ്‌സിഡിയുള്ള മുന്‍ഗണനാ വിഭാഗം- 21018, മുന്‍ഗണനേതര വിഭാഗം- 8970 എന്നിങ്ങനെയാണ് കാര്‍ഡുടമകള്‍. മാനന്തവാടി താലൂക്കില്‍ 61,295 കാര്‍ഡുകളാണ് ആകെയുള്ളത്. അന്ത്യോദയ അന്നയോജന- 16679, മുന്‍ഗണനാ വിഭാഗം- 16206, സബ്‌സിഡിയുള്ള മുന്‍ഗണനാ വിഭാഗം- 19745, മുന്‍ഗണനേതര വിഭാഗം- 8665 എന്നിങ്ങനെയാണ്.
Next Story

RELATED STORIES

Share it