Flash News

റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റ് : പരാതികള്‍ പരിശോധിച്ച ശേഷം നടപടിയെന്ന് ഭക്ഷ്യമന്ത്രി



തിരുവനന്തപുരം: റേഷന്‍കാര്‍ഡ് വിതരണം ചെയ്തതിനു ശേഷവും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ആരെങ്കിലും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുകയോ, ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. റേഷന്‍കടകള്‍ വഴി വിതരണം ചെയ്ത പ്രീപോപുലേറ്റഡ് ഫോറങ്ങളില്‍ നിന്നു ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി നടത്തി സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരമാണ് കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും ഇതുസംബന്ധിച്ച എ എന്‍ ഷംസീറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു. പുതിയ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മുമ്പ് ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നവര്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവാക്കപ്പെടുവാന്‍ സാധ്യതയുണ്ട്. പ്രസ്തുത കരട് പട്ടികയില്‍ ആക്ഷേപങ്ങളുള്ള പക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലുള്ള വെരിഫിക്കേഷന്‍ കമ്മിറ്റി മുമ്പാകെ പരാതി സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. വെരിഫിക്കേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തില്‍ പരാതികള്‍ ഉള്ളപക്ഷം ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള അപ്പീല്‍ കമ്മിറ്റിക്കു പരാതി സമര്‍പ്പിക്കാനും അവസരം നല്‍കി. ഇപ്രകാരം ലഭിച്ച പരാതികളിന്‍മേലും അപ്പീലുകളിന്‍മേലും തീര്‍പ്പുകല്‍പിച്ച് അര്‍ഹരായവരെക്കൂടി ഉള്‍പ്പെടുത്തി റീറാങ്കിങ് നടത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഈ അന്തിമ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും ഭക്ഷ്യ സിവില്‍സപ്ലൈസ് ഓഫിസുകളില്‍ നേരിട്ടും അനര്‍ഹരെക്കുറിച്ചുള്ള പരാതികളും അര്‍ഹരുടെ അപേക്ഷകളും ലഭ്യമായിട്ടുണ്ട്. ഇതിന്‍മേല്‍ അന്വേഷണം നടത്തി റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അനര്‍ഹരെ ഒഴിവാക്കി റീറാങ്കിങ് നടത്തും. സംസ്ഥാനത്തിന്റെ 2011ലെ സെന്‍സസ് പ്രകാരമുള്ള 3.34 കോടി ജനങ്ങളില്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുമുള്ള 52.63 ശതമാനവും നഗരപ്രദേശങ്ങളിലെ 39.5 ശതമാനവും ഉള്‍പ്പെടെ 1.54 കോടി ജനങ്ങളെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it