റേഷന്‍കാര്‍ഡ് പുതുക്കല്‍: നടപടികള്‍ എങ്ങുമെത്തിയില്ല

കെ എം അക്ബര്‍

ചാവക്കാട്: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് പുതുക്കല്‍ എങ്ങുമെത്തിയില്ല. 2015 ജനുവരിയില്‍ ആരംഭിച്ച റേഷന്‍കാര്‍ഡ് പുതുക്കല്‍ നടപടിക്രമങ്ങളാണ് ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാതിരിക്കുന്നത്.
അപേക്ഷാഫോറം പൂരിപ്പിക്കലും ഫോട്ടോയെടുക്കലും 2015 മാര്‍ച്ച് മുതല്‍ ആരംഭിച്ചിരുന്നു. ജൂണ്‍ 21ന് അച്ചടി ആരംഭിച്ച് ആഗസ്ത് 31ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, വര്‍ഷം ഒന്നു കഴിഞ്ഞിട്ടും റേഷന്‍കാര്‍ഡ് പുതുക്കല്‍ എങ്ങുമെത്തിയിട്ടില്ല. ഡാറ്റാ എന്‍ട്രിയില്‍ വ്യാപകമായ തെറ്റുകള്‍ സംഭവിച്ചതാണ് ജോലികള്‍ വൈകാന്‍ കാരണമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. സാധാരണക്കാരന് എത്രതവണ വായിച്ചാലും മനസ്സിലാവാത്ത തരത്തിലായിരുന്നു കാര്‍ഡ് പുതുക്കലിനുള്ള അപേക്ഷ.
കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തെ ഉടമയാക്കി പാര്‍ട്ട് എ, ബി എന്നിങ്ങനെ രണ്ട് ചോദ്യാവലിയാണ് പുതുക്കല്‍ ഫോറത്തില്‍ ഉണ്ടായിരുന്നത്.
സാധാരണക്കാരെ സംബന്ധിച്ച് റേഷന്‍കാര്‍ഡ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതായതിനാല്‍ ബുദ്ധിമുട്ടുകള്‍ സഹിച്ച് മുഴുവന്‍ കുടുംബങ്ങളും പുതുക്കല്‍ നടപടികളോട് സഹകരിച്ചു. എന്നാല്‍, പുതുക്കല്‍ രേഖകള്‍ സ്വീകരിച്ചവര്‍ വരുത്തിയ വീഴ്ച റേഷന്‍കാര്‍ഡ് പുതുക്കല്‍ അവതാളത്തിലാക്കുകയായിരുന്നു. ലക്ഷക്കണക്കിന് ഉടമകളുടെ ഫോട്ടോ നഷ്ടപ്പെടുകയും പൂരിപ്പിച്ച് വാങ്ങിയ അപേക്ഷകള്‍ അപൂര്‍ണമാവുകയും ചെയ്തതോടെ റേഷന്‍കാര്‍ഡ് പുതുക്കല്‍ നടപടികള്‍ വഴിമുട്ടി. തുടര്‍ന്ന് റേഷനിങ് ഇന്‍സ്‌പെക്റ്റര്‍മാര്‍ക്ക് പ്രത്യേക ഡ്യൂട്ടി നല്‍കി കാര്‍ഡ് ഉടമകളുമായി നേരിട്ട് ബന്ധപ്പെട്ട് വിവരശേഖരണം നടത്താന്‍ തീരുമാനിച്ചു.
ഇവിടെയും ഡാറ്റാ എന്‍ട്രിയില്‍ പിഴവുകള്‍ സംഭവിച്ചു. ഇതോടെ ഓണ്‍ലൈനില്‍ തെറ്റ് തിരുത്താന്‍ അവസരം നല്‍കി. കമ്പ്യൂട്ടര്‍ സാക്ഷരത കുറവായതിനാല്‍ അക്ഷയകേന്ദ്രങ്ങളിലേക്കും സ്വകാര്യ ഇന്റര്‍നെറ്റ് കഫേകളിലേക്കും ജനം ഒഴുകി. തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പ്രഖ്യാപനം വന്നു. കാര്‍ഡിലെ വിവരങ്ങളടങ്ങിയ പ്രിന്റ് റേഷന്‍ കടകള്‍ വഴി നല്‍കുമെന്നായിരുന്നു പുതിയ അറിയിപ്പ്.
ഇപ്പോള്‍ പൂരിപ്പിച്ച അപേക്ഷപ്രകാരം റേഷന്‍കാര്‍ഡിലെ വിവരങ്ങള്‍ പ്രിന്റെടുത്ത് റേഷന്‍ കടകള്‍ വഴി അപേക്ഷകര്‍ക്ക് നല്‍കി തെറ്റുകള്‍ കണ്ടെത്തി തിരികെ വാങ്ങിയിരിക്കുകയാണ്. ഈ ഫോറം കൃത്യമാണെങ്കില്‍പോലും ഇതിലെ വിവരങ്ങളുടെ സോഷ്യല്‍ ഓഡിറ്റിങ് പൂര്‍ത്തിയാവാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. ഈ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ റേഷന്‍ കാര്‍ഡ് ലഭ്യമാവുക.
ഡിസംബര്‍ 31നകം പുതുക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇതും പാളിയതോടെ പുതുക്കിയ കാര്‍ഡ് ലഭിക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്നാണ് വിവരം.
Next Story

RELATED STORIES

Share it