റേഷന്‍കടകളിലെ ഇ-പോസ് മെഷീന്‍ തട്ടിപ്പ്; നടപടി കര്‍ശനമാക്കി അധികൃതര്‍

തിരുവനന്തപുരം: ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നത് തടയാന്‍ റേഷന്‍കടകളില്‍ സ്ഥാപിച്ച ഇ-പോസ് മെഷീനിലും തട്ടിപ്പ് നടക്കുന്നതായി തെളിഞ്ഞതോടെ നടപടി കര്‍ശനമാക്കി അധികൃതര്‍.
ഇ-പോസ് മെഷീനില്‍ സെറ്റ് ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയറിലെ പിഴവ് മുതലെടുത്താണ് തട്ടിപ്പ് നടന്നുവരുന്നത്. കേരളത്തിന്റെ ഏത് ഭാഗത്തുള്ള റേഷന്‍ കാര്‍ഡ് ഉടമയുടെയും റേഷന്‍ വിഹിതം ഉടമയുടെ വിരലടയാളമോ ആധാര്‍ നമ്പറോ ഒന്നുമില്ലാതെ അനായാസം റേഷന്‍ വ്യാപാരിക്ക് തട്ടിയെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പല ഇ-പോസ് മെഷീനുകളും പ്രവര്‍ത്തിക്കുന്നത്. അതിനായി ഏതെങ്കിലും ഒരു കുടുംബത്തിന്റെ റേഷന്‍കാര്‍ഡ് നമ്പര്‍ മെഷീനില്‍ രേഖപ്പെടുത്തേണ്ടതേ വേണ്ടുള്ളൂ. കുടുംബത്തില്‍ ആരുടെ കൈവിരലാണോ നേരത്തേ പതിപ്പിച്ചിട്ടുള്ളത് അതേ വിരല്‍ ഇ-പോസ് മെഷീനില്‍ പതിപ്പിച്ചാലേ തുടര്‍ന്ന് മുന്നോട്ടുപോവാനാവൂ. എന്നാല്‍, ഭക്ഷ്യധാന്യങ്ങള്‍ തട്ടിയെടുക്കാന്‍ റേഷന്‍ കടക്കാരന്‍ അയാളുടെ തന്നെ കൈവിരല്‍ പതിപ്പിക്കുന്നു. ആദ്യം യോജിക്കുന്നില്ലെന്ന സന്ദേശം വരുമെങ്കിലും പിന്നീട് തുടര്‍ച്ചയായി രണ്ടുതവണ പതിപ്പിക്കാന്‍ മെഷീന്‍ തന്നെ ആവശ്യപ്പെടും. ഇതോടെ, തടസ്സം നീങ്ങുന്നു. ഈ സാങ്കേതിക പിഴവാണ് തട്ടിപ്പുകാര്‍ക്ക് അനുഗ്രഹമാവുന്നത്. ഒരു ആധികാരിക രേഖയുമില്ലാതെ തന്നെ റേഷന്‍വിഹിത വിവരങ്ങള്‍ കടക്കാരന് ലഭ്യമാവും. കടക്കാരന് ആവശ്യാനുസരണം ഇതില്‍ നിന്നു സ്വന്തം നിലയ്ക്ക് റേഷന്‍ എഴുതിയെടുക്കാനാവും. അതേസമയം, ഇ-പോസ് മെഷീനിലെ സാങ്കേതികത്തകരാറ് പരിശോധിച്ചുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഭക്ഷ്യമന്ത്രി വകുപ്പധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it