Kottayam Local

റേഷനരി ഗോഡൗണിലെ തട്ടിപ്പ്; ഒരു ജീവനക്കാരനു സസ്‌പെന്‍ഷന്‍



പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി താലൂക്കിലെ പൊന്‍കുന്നത്തെ പിഡിഎസ് ഗോഡൗണില്‍ സപ്ലൈകോയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടിന്റെ പേരില്‍ ഒരു ജീവനക്കാരനു മാത്രം സസ്‌പെന്‍ഷന്‍. ഗോഡൗണ്‍ ഓഫിസര്‍ ഇന്‍ചാര്‍ജായിരുന്ന ടി സയറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.വകുപ്പു മന്ത്രി പി തിലോത്തമന് ലഭിച്ച പരാതിയെ തുടര്‍ന്ന് മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ കഴിഞ്ഞ ദിവസം പരിശോധനയ്ക്കയച്ചത്. പരിശോധനയില്‍ എഫ്‌സിഐ ചാക്കരി 20,600 കിലോ ഗ്രാമും പച്ചരി 3,873 കിലോയും ഗോഡൗണില്‍ കൂടുതല്‍ കണ്ടപ്പോള്‍ 10,100 കിലോ കുത്തരിയും 5,071 കിലോ ഗോതമ്പും കുറവു കണ്ടെത്തി. ഈ മാസം 19നായിരുന്നു ഫുഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സ്റ്റോക്ക് വ്യത്യാസം വന്നതു വിതരണത്തിലെ ക്രമക്കേടും റേഷന്‍ വ്യാപാരികള്‍ക്ക് വിതരണം നടത്തിയപ്പോള്‍ തൂക്കത്തില്‍ വരുത്തിയ കുറവ് കാരണമാണെന്നും ജില്ലാ സപ്ലൈസ് ഓഫിസര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. സ്റ്റോക്ക് രജിസ്റ്ററും വിതരണ രജിസ്റ്ററും ആഗസ്തിനു ശേഷം എഴുതിയിട്ടില്ലെന്നും കണ്ടെത്തി. യഥാകാലങ്ങളില്‍ പരിശോധന നടത്തേണ്ട മേലുദ്യോഗസ്ഥരും ഇവിടേക്കു തിരിഞ്ഞു നോക്കിയിട്ടില്ല.ചാര്‍ജുകാരനെ മാത്രം സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കാനാണ് സപ്ലൈകോ നീക്കം നടത്തിയതെന്നും ആക്ഷേപമുണ്ട്. വിതരണത്തിനു മേല്‍ നോട്ടം വഹിക്കുകയും യഥാസമയം പരിശോധന നടത്തുകയും ചെയ്യേണ്ട സപ്ലൈകോയുടെ കാഞ്ഞിരപ്പള്ളിയിലെ അസി. മാനേജര്‍ അടക്കമുള്ളവരുടെ പേരില്‍ നടപടിയെടുക്കാത്തതു വിചിത്രമെന്നു വകുപ്പില്‍ അടക്കം പറച്ചിലുണ്ട്. പൊന്‍കുന്നം ഡിപ്പോയിലെ ക്രമക്കേടുകള്‍ റേഷന്‍ വ്യാപാരികള്‍ പല തവണ റീജനല്‍ മാനേജരേയും അസി.മാനേജരേയും താലൂക്ക് സപ്ലൈ ഓഫിസറുടേയും ശ്രദ്ധയില്‍ പെടുത്തിയിരുന്നതാണ്. എന്നാല്‍ നടപടിയെടുത്തില്ലെന്നു മാത്രമല്ല റേഷന്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പരാതിയില്‍ നിന്നു പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഗോഡൗണിലെ തട്ടിപ്പിന്റെ വിഹിതം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കിട്ടിയിട്ടുണ്ടെന്നാണ് ആരോപണം. സ്‌റ്റോക്കുള്ള മുഴുവന്‍ റേഷന്‍ സാധനങ്ങളും ചാക്കെണ്ണി നോക്കാതെ തൂക്കി നോക്കി സ്‌റ്റോക്ക് തിട്ടപ്പെടുത്തണമെന്നും അതിനുള്ള ചെലവ് വഹിക്കാന്‍ വ്യാപാരികളുടെ സംഘടന തയ്യാറാണെന്നും മന്ത്രിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തൂക്കി നോക്കിയാല്‍ ക്രമക്കേടിന്റെ വ്യാപ്തി ഇതിലുമേറെയാവും.
Next Story

RELATED STORIES

Share it