റേഡിയോ ജോക്കിയുടെ കൊലപാതകംഒരാള്‍ കൂടി പോലിസ് പിടിയില്‍

കിളിമാനൂര്‍(തിരുവനന്തപുരം): മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പിടിയിലായി. ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോട്ടേജില്‍ യാസിന്‍ മുഹമ്മദ് (23) ആണ് അറസ്റ്റിലായത്. കൊലപാതകത്തിനു ശേഷം പ്രതികളെ ബംഗളൂരുവിലേക്കു രക്ഷപ്പെടാന്‍ സഹായിച്ചതും വാഹനം ഉപേക്ഷിച്ചതും എടിഎം കാര്‍ഡ് എടുത്ത് നല്‍കിയതും എന്‍ജിനീയറായ യാസിന്‍ മുഹമ്മദാണെന്ന് പോലിസ് കണ്ടെത്തി. ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്.
ഇതോടെ കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കഴിഞ്ഞദിവസം കൊല്ലം ശക്തികുളങ്ങര കുന്നിന്മേല്‍ ചേരിയില്‍ ആലോട്ട് തെക്കതില്‍ വീട്ടില്‍ നിന്നും കുരീപ്പുഴ ചേരിയില്‍ വള്ളിക്കീഴ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പിറകുവശം വാടകയ്ക്ക് താമസിക്കുന്ന സനു (33)വിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ താമസ സ്ഥലത്ത് നിന്നു വാളുകള്‍ കണ്ടെടുത്തിരുന്നു. കൊലപാതകത്തിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയതിലും ഇരുവര്‍ക്കും പങ്കുണ്ടെന്നു സംശയിക്കുന്നുണ്ട്. ഇതോടെ കേസിലുള്‍പ്പെട്ട സത്താറിലേക്ക് വിരല്‍ ചൂണ്ടൂന്ന തെളിവുകള്‍ ലഭിച്ചതായാണ് സൂചന.
അതേസമയം, സത്താര്‍, അലിഭായ് എന്നിവരെ പ്രതി ചേര്‍ത്ത് പോലിസ് അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ ഉടന്‍ സമര്‍പ്പിച്ചേക്കും. രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് പോലിസ് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് സംശയിക്കുന്നത്. കഴിഞ്ഞ മാസം 27ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മടവൂര്‍ പടിഞ്ഞാറ്റേല ഐക്കരഴികം ആശാനിവാസില്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ മകന്‍ രാജേഷി(35) നെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍ ഉണ്ടെങ്കിലും ഇതുവരെയും പോലിസ് അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ ഇനിയും പോലിസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
അവരെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണം പുറത്ത് വരുകയുള്ളൂ. കഴിഞ്ഞദിവസം ചിലരെ തൊടുപുഴയില്‍ നിന്നു പിടികൂടിയതായി സൂചന ഉണ്ടായിരുന്നെങ്കിലും അതേക്കുറിച്ച് പോലിസ് മൗനം പാലിക്കുകയാണ്.  അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it