റേഡിയോ ജോക്കിയുടെ കൊലപാതകംമുഖ്യപ്രതി അലിഭായി പിടിയില്‍

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകക്കേസില്‍ മുഖ്യപ്രതി അലിഭായി എന്നു വിളിക്കുന്ന സാലിഹ് ബിന്‍ ജലാലി (26)നെ പോലിസ് അറസ്റ്റ് ചെയ്തു. ഖത്തറില്‍ നിന്ന് എത്തിയ അലിഭായിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണു പോലിസ് പിടികൂടിയത്. തുടര്‍ന്നു നടന്ന ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചതായി പോലിസ് അവകാശപ്പെട്ടു. അലിഭായിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
അലിഭായിയെയും കഴിഞ്ഞദിവസം പിടിയിലായ കരുനാഗപ്പള്ളി കെഎസ് പുരം കൊച്ചായത്തു തെക്കതില്‍ തന്‍സീറി (25)നെയും കൊണ്ടുവന്നു കരുനാഗപ്പള്ളി കന്നേറ്റിക്കായലില്‍ ആയുധങ്ങള്‍ക്കായി തെളിവെടുപ്പു നടത്തി. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങള്‍ തുണിയില്‍ കെട്ടി കന്നേറ്റിക്കായലില്‍ ഉപേക്ഷിച്ചുവെന്ന് അലിഭായി മൊഴി നല്‍കിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്നലെ വൈകീട്ട് മൂന്നിന് അഞ്ച് മുങ്ങല്‍വിദഗ്ധരുടെ നേതൃത്വത്തില്‍ രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ആയുധങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. പരിശോധന ഇന്നും തുടരും. കൃത്യം നടത്താനായി നാട്ടിലേക്കുള്ള വിമാന ടിക്കറ്റിനായി പണം നല്‍കിയതു ഖത്തറിലുള്ള സത്താറാണെന്ന് അലിഭായി മൊഴി നല്‍കി. സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണു മറ്റു കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. നൃത്താധ്യാപികയായിരുന്നു സത്താറിന്റെ മുന്‍ ഭാര്യ. ഇവര്‍ക്ക് രാജേഷുമായി ബന്ധമുണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇവരുടെ ദാമ്പത്യജീവിതം തകര്‍ത്തു. ഇതിലുള്ള പ്രതികാരമാണു രാജേഷിനെ കൊല്ലാന്‍ സത്താര്‍ തീരുമാനിച്ചത്. കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും സത്താറിന് അറിയാമായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
കൊലപാതകം നടത്തിയ ശേഷം നേപ്പാളിലേക്കു പോയ അലിഭായി കാഠ്മണ്ഡു വിമാനത്താവളം വഴി ദോഹയിലെത്തുകയായിരുന്നു. പോലിസ് ഖത്തറിലെ മലയാളി സംഘടനകളും ഇന്റര്‍പോളും വഴി നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അലിഭായിയെ കേരളത്തിലെത്തിക്കാ ന്‍ സാധിച്ചത്. അലിഭായിയുടെ സ്‌പോണ്‍സറെ കണ്ടെത്തിയ പോലിസ് ഇയാളെ തിരിച്ചയക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. അലിഭായിയുടെ വിസ റദ്ദാക്കാനും പോലിസ് ശ്രമിച്ചു. മുഖ്യപ്രതി പിടിയിലായതോടെ രാജേഷ് വധക്കേസിലെ അന്വേഷണം അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ സത്താറിനെയും അലിഭായിയുടെ സുഹൃത്ത് അപ്പുണിയെയും പിടികൂടുക എന്നതാണു പോലിസിന് മുന്നിലുള്ള ദൗത്യം. രാജേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സത്താറാണെന്നു പോലിസ് നേരത്തെ കണ്ടെത്തിയിരുന്നു.
എന്നാല്‍ കൊലപാതകത്തി ല്‍ തന്റെ മുന്‍ ഭര്‍ത്താവ് അബ്ദുല്‍ സത്താറിനു പങ്കില്ലെന്നു നൃത്താധ്യാപിക കൂടിയായ യുവതി പറഞ്ഞിരുന്നു. രാജേഷിനെ കൊലപ്പെടുത്തിയ സമയത്ത് ജലാല്‍ ഖത്തറിലുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ പോലിസ് ഇവരുടെ മൊഴി തള്ളി. കിളിമാനൂര്‍ മടവൂര്‍ ജങ്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ മാര്‍ച്ച് 27നു പുലര്‍ച്ചെയാണു രാജേഷ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it