റേഡിയോ ജോക്കിയുടെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

കിളിമാനൂര്‍ (തിരുവനന്തപുരം): മടവൂരില്‍ മുന്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കുണ്ടറ ചെറുമൂട് എല്‍എസ് നിലയത്തില്‍ സ്ഫടികം സ്വാതി സന്തോഷി(23)നെയാണ് കിളിമാനൂര്‍ സി ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന സൂത്രധാരന്‍മാരില്‍ ഒരാളാണ് ഇയാള്‍.
കൊല്ലം ശക്തി കുളങ്ങര കുന്നിന്മേല്‍ ചേരിയില്‍ സനു (33), ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോട്ടേജില്‍ യാസിന്‍ (23) എന്നിവരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതികളായ സാത്താന്‍ അപ്പുണ്ണിയെയും അലിഭായി എന്ന അലിയെയും കൂട്ടികൊണ്ടുവരുന്നതിനും കൊലപാതകം നടത്തുന്നതിനു മുമ്പു കൊല്ലപ്പെട്ട രാജേഷിന്റെ മടവൂരിലെ കടയും പരിസരവും നിരീക്ഷണം നടത്തുന്നതിനും സഹായിച്ചതു സന്തോഷ് ആണ്. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച വാളുകള്‍ തരപ്പെടുത്തിക്കൊടുത്തതും കൊലപാതകത്തിനു ശേഷം പ്രതികളെ ബംഗളൂരുവില്‍ എത്തിച്ചതും ഇയാളാണെന്നും സിഐ പറഞ്ഞു. തുടര്‍ന്നു നേരത്തെ അറസ്റ്റിലായ യാസിനൊപ്പം ചെന്നൈയിലേക്കു രക്ഷപ്പെടുകയായിരുന്നു. നിരവധി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചുള്ള പരിചയം ഇയാള്‍ക്കുണ്ടെന്ന് പോലിസ് പറയുന്നു.
കുണ്ടറ, അഞ്ചാലുംമൂട് പോലിസ് സ്‌റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ സന്തോഷ് പ്രതിയാണ്. കഴിഞ്ഞമാസം 27ന് പുലര്‍ച്ചെ രേണ്ടാടെയാണു മടവൂര്‍ പടിഞ്ഞാറ്റേല ഐക്കരഴികം ആശാ നിവാസില്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ മകനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷി (35) നെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഒപ്പം ഉണ്ടായിരുന്ന രാജേഷിന്റെ സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
നാടന്‍പാട്ട് കലാകാരനും സൗണ്ട് റിക്കാര്‍ഡിസ്റ്റും മടവൂരില്‍ രാജേഷ് മെട്രാസ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്ന സ്ഥാപനം നടത്തുന്നയാളുമായിരുന്നു രാജേഷ്. സ്വന്തം സ്ഥാപനത്തിനകത്തിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്.
അന്വേഷണത്തില്‍ മൂന്നു പേരുടെ സംഘമാണ് കൊലപാതകം ചെയ്തതെന്നാണു വ്യക്തമാവുന്നത്. മൂന്നുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ കൊലയില്‍ നേരിട്ടു പങ്കുള്ള അലിഭായിയും ക്വട്ടേഷന്‍ നല്‍കിയ പ്രവാസി മലയാളിയും വിദേശത്താണ്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ആരെയും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ രണ്ടു ദിവസത്തിനകം നേരിട്ടു പങ്കെടുത്ത ചിലരെ അറസ്റ്റ് ചെയ്യാന്‍ കഴിയും എന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it