Editorial

റെയില്‍ ബജറ്റ് നിരാശാജനകം

പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി സുരേഷ്പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റ് കേരളം ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരുന്നത്. പാലക്കാട് കോച്ച് ഫാക്ടറി, പ്രത്യേക റെയില്‍വേ സോണ്‍, പുതിയ വണ്ടികള്‍, പുതിയ പാതകള്‍ തുടങ്ങി കേരളത്തിന്റെ പ്രതീക്ഷകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത്തവണയും നിരാശയാണ് ഫലം.
ചെലവു ചുരുക്കി നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം ബജറ്റിലില്ല എന്നതു ശരിയാണ്. പക്ഷേ, നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ മന്ത്രാലയത്തിന്റെ മുന്നിലിരിക്കുന്ന സാഹചര്യത്തില്‍ വര്‍ധന ഏതുസമയവും പ്രതീക്ഷിക്കാം. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ് 21 മാസത്തിനകം വിവിധ നിരക്കുകളില്‍ അഞ്ചുതവണ വര്‍ധന വരുത്തിയിട്ടുണ്ട്. ഇതൊന്നും ബജറ്റ് നിര്‍ദേശമനുസരിച്ചോ പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയോ ആയിരുന്നില്ല. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് നിരക്കുവര്‍ധന ഏതാനും ദിവസംമുമ്പുപോലും പ്രഖ്യാപിച്ചിരുന്നു.
പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി ഏതാണ്ട് നാലുദശകത്തോളമായി വിവിധ തലങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നതല്ലാതെ ഇതുവരെ പ്രായോഗികമായിട്ടില്ല. പല കടമ്പകളിലും തട്ടി ഫാക്ടറിയുടെ സംസ്ഥാപനം വൈകുന്നു. പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് മുന്‍ മന്ത്രിസഭയിലെ തമിഴ്‌നാട്ടുകാരനായ മന്ത്രി തന്റെ നാട്ടില്‍ പുതിയൊരു ഡിവിഷന്‍ രൂപീകരിച്ചപ്പോഴാണ് കേരളം പ്രത്യേക റെയില്‍വേ സോണായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പ്പാതയ്ക്കും ശബരി-അങ്കമാലി പാതയ്ക്കും സര്‍വേ നടത്തുന്നതിന് റെയില്‍വേ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഈയിടെ കേരള സര്‍ക്കാരുമായി ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് ഈ പാതകളുടെ സാക്ഷാല്‍ക്കാരത്തിന് റെയില്‍വേ മന്ത്രിയുടെ കനിവ് സഹായകമാവുമെന്നു കരുതാം.
റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പാതകളുടെ ഇരട്ടിപ്പിക്കലും വൈദ്യുതവല്‍ക്കരണവുമാണ് അടിസ്ഥാന ആവശ്യങ്ങള്‍. പുതിയ ബജറ്റിലും താരതമ്യേന ചെറിയ തുക പാത ഇരട്ടിപ്പിക്കലിന് വകയിരുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഈ ഇനങ്ങളില്‍ നീക്കിവച്ച തുകപോലും ചെലവഴിച്ചിട്ടില്ലെന്ന വസ്തുത നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്തുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍നിന്നു നീക്കമുണ്ടായില്ല. മുന്‍ഗണനാ പ്രാധാന്യത്തോടെ അടിസ്ഥാനപരമായ ഈ ആവശ്യം പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്.
മലയാളികളായ അരഡസനോളം മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ഘട്ടത്തില്‍പ്പോലും റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുള്ള കേരളത്തിന്റെ മുറവിളി ശ്രദ്ധിക്കപ്പെട്ടില്ലെന്നതും ഫലപ്രദമായ നടപടികളുണ്ടായില്ലെന്നതും മറച്ചുവയ്‌ക്കേണ്ടതില്ല. പക്ഷേ, രാജ്യത്തെ നികുതിദായകരെന്ന നിലയില്‍ കേരളീയര്‍ക്കും നീതിപൂര്‍വകമായ സമീപനം അവകാശമാണ്. അതിനനുസൃതമായ സമീപനം കേന്ദ്ര റെയില്‍വേമന്ത്രിയില്‍നിന്ന് ഉണ്ടാവണം.
Next Story

RELATED STORIES

Share it