thrissur local

റെയില്‍വേ സ്‌റ്റേഷനില്‍ നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 13 ന്



തൃശൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. കാല്‍നട മേല്‍പ്പാലം , വിശ്രമമുറി, കുടിവെള്ള വിതരണ മെഷീന്‍, ഡിസ്‌പ്ലേ ബോര്‍ഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ് ഫോമിന്റെ മധ്യത്തില്‍ പ്രധാന കവാടത്തിനടുത്തായി നിര്‍മിച്ചിരിക്കുന്ന വീതിയേറിയ കാല്‍നട മേല്‍പ്പാലമാണ് വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. ഇതുതന്നെയാണ് റെയില്‍വേ യാത്രക്കാര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്നതും. നിലവില്‍ പ്ലാറ്റഫോമിന്റെ ഇരു ഭാഗത്തുമായി സ്ഥാപിച്ചിരിക്കുന്ന വീതി കുറഞ്ഞ കാല്‍നട മേല്‍പ്പാലം യാത്രക്കാര്‍ക്ക് എന്നും ദുരിതമാണ് സമ്മാനിച്ചിരുന്നത്. ഇതുമൂലം പലരും ട്രാക്ക് മുറിച്ചുകടന്നാണ് മറ്റ് പ്ലാറ്റ് ഫോമുകളിലേക്ക് കടന്നിരുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും വഴിവെച്ചിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടെയും പ്രവര്‍ത്തിച്ചുവരുന്ന എസി വിശ്രമമുറിയുടെ ഔപചാരിക ഉദ്ഘാടനവും ശനിയാഴ്ച നടക്കും. ശുദ്ധജലം ലഭ്യമാക്കുന്നതിനായി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചിരിക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ വെന്‍ ഡിങ് മെഷീനാണ്. ഒരു ലിറ്റര്‍ വെള്ളത്തിന് വെറും 5 രൂപയാണ് ഈടാക്കുന്നത്. സുരക്ഷിതവും തണുപ്പിച്ചതുമായ കുടിവെള്ളം നാണയം ഉപയോഗിച്ച് യന്ത്രം വഴി ലഭ്യമാകും. കുറഞ്ഞ നിരക്കില്‍ വിവിധ അളവുകളിലുള്ള കുടിവെള്ളം ഐആര്‍സിടിസിയുടെ ഈ വെന്‍ഡിങ് മെഷീനിലൂടെ ലഭ്യമാണ്. കൂടാതെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിനെ ആശ്രയിക്കാതെ യാത്രക്കാര്‍ക്ക് ആവശ്യമായ മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന ഇലക്‌ട്രോണിക്‌സ് ഡിസ്‌പ്ലേ ബോര്‍ഡ് സംവിധാനം മുഖ്യകവാടത്തിലടക്കം 4 ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ വികസിപ്പിച്ച 4ാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം എന്നിവയെല്ലാം ശനിയാഴ്ച തൃശൂര്‍ എംപി സി എന്‍ ജയദേവനും കൃഷി മന്ത്രിയും സ്ഥലം എംഎല്‍എ യുമായ വി എസ് സുനില്‍കുമാറും ചേര്‍ന്ന് നിര്‍വഹിക്കും. ഇതില്‍ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ എസ്‌കലേറ്റര്‍ കാല്‍നട മേല്‍പ്പാലത്തോടു ചേര്‍ന്ന് റെയില്‍വേ സ്ഥാപിക്കുന്ന ലിഫ്റ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതില്‍ വീതി കൂടിയ കാല്‍നട മേല്‍പ്പാലം ഏകദേശം 1 കോടി രൂപ ചിലവഴിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it