kannur local

റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷാ സംവിധാനങ്ങളില്ല

പയ്യന്നൂര്‍: ദിനേന നിരവധി യാത്രക്കാര്‍ വന്നുപോവുന്ന എ ക്ലാസ് സ്റ്റേഷനായ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷയൊരുക്കാന്‍ സംവിധാനമില്ല. നിരീക്ഷണത്തിന് പോലിസോ റെയില്‍വേ സംരക്ഷണ സേനയോ ഇല്ല. മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ആര്‍പിഎഫ് ഓഫിസ് ഇവിടെ പ്രവര്‍ത്തിച്ചത് വെറും നാലുദിവസം മാത്രം. അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ക്യാംപ് ഓഫിസ് അടച്ചുപൂട്ടി ബോര്‍ഡുകളും മറ്റ് സാധനസാമഗ്രികളുമായി സ്ഥലംവിടുകയായിരുന്നു ഇവര്‍. 2017 ജൂണ്‍ മൂന്നിനാണു പയ്യന്നൂരിലും മാഹിയിലും റെയില്‍വേ സ്റ്റേഷനുകളില്‍ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആര്‍പിഎഫ് ക്യാംപ് ഓഫിസ് ആരംഭിച്ചത്. ഇതിനുവേണ്ടി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു കൗണ്ടറും അതിനോട് ചേര്‍ന്നു പിറകില്‍ പുതിയൊരു ഒറ്റമുറി കെട്ടിടവും റെയില്‍വേ നിര്‍മിച്ചുനല്‍കി. മംഗളൂരുവില്‍നിന്ന് ലഹരിമരുന്നും മദ്യവും വന്‍തോതില്‍ പയ്യന്നൂര്‍ സ്റ്റേഷന്‍ വഴി കടത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലായിരുന്നു ഇവിടെ ആര്‍പിഎഫ് ക്യാംപ് ഓഫിസ് ആരംഭിക്കാന്‍ പ്രധാന കാരണം. കണ്ണൂര്‍ വിട്ടുകഴിഞ്ഞാല്‍ ആര്‍പിഎഫ് സേവനം ലഭിക്കണമെങ്കില്‍ കാസര്‍കോട് ജില്ലയിലേക്ക് കടക്കണം. അതുകൂടി പരിഗണിച്ചാണ് ജില്ലാ അതിര്‍ത്തി എന്ന നിലയില്‍ ക്യാംപ് ഓഫിസ് പയ്യന്നൂരിനു ലഭിച്ചത്. എന്നാല്‍ ഒറ്റമുറി കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. മാത്രവുമല്ല ഇതിനു മുകളില്‍ ആസ്ബറ്റോസ് ഷീറ്റാണ് പാകിയത്. വേനല്‍കാലത്ത് കൊടുംചൂടും മഴക്കാലത്ത് കാതടപ്പിക്കുന്ന ശബ്ദവും കാരണം ഈ മുറിയില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ കഴിയില്ല. ഇതാണ് ആര്‍പിഎഫ് ഒഴിഞ്ഞുപോവാന്‍ കാരണം. നിലവില്‍ പകല്‍സമയത്ത് ഒരു ഹോം ഗാര്‍ഡ് മാത്രമാണ് ഡ്യൂട്ടിക്കുള്ളത്. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it