kannur local

റെയില്‍വേ സ്റ്റേഷനിലെ മാലിന്യ പ്രശ്‌നം; റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ മാലിന്യ പ്രശ്‌നം സംബന്ധിച്ച പരാതിയില്‍ റെയില്‍വേസമര്‍പ്പിച്ച റിപോര്‍ട്ട് തൃപ്തികരമല്ലെന്നും പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. കംപാര്‍ട്ട്‌മെന്റുകളിലെ മാലിന്യ സംസ്‌കരണം സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് റെയില്‍വേ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചത്.
സ്റ്റേഷനിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് അടുത്ത സിറ്റിങ്ങില്‍ സമര്‍പ്പിക്കാന്‍ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ക്ക് കമ്മീഷന്‍ അംഗം അഡ്വ.—കെ മോഹന്‍കുമാര്‍ ഉത്തരവ് നല്‍കി. അഡ്വ.—വി പി ശശീന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എടക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രദേശത്തെ പൊതുടാപ്പുകള്‍ നീക്കം ചെയ്‌തെന്ന പരാതിയില്‍ ടാപ്പുകള്‍ പുനസ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായി കണ്ണൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു. ടിമ്പര്‍ പ്ലൈവുഡ് തൊഴിലാളികളുടെ മിനിമം കൂലി പുതുക്കാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിച്ചതായി ജില്ലാ ലേബര്‍ ഓഫിസറും സംസ്ഥാന ലേബര്‍ കമ്മീഷണറും അറിയിച്ചു. തടവുകാര്‍ക്ക് ആവശ്യമായ ഘട്ടങ്ങളില്‍ എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കാമെന്ന് ജയില്‍ ഡിജിപി കമ്മീഷനെ അറിയിച്ചു. ജയില്‍ നിയമ പുസ്തകങ്ങളുടെ പരിഭാഷകള്‍ ലഭ്യമാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.
മലയാള പരിഭാഷ ലഭ്യമല്ലാത്ത നിയമങ്ങളുടെ കാര്യത്തില്‍ വെല്‍ഫെയര്‍ ഓഫിസര്‍ മുഖാന്തിരം പരിഭാഷക്ക് നടപടി എടുക്കുമെന്നും ജയില്‍ ഡിജിപി അറിയിച്ചു. വികലാംഗയോട് മോശമായി സംസാരിച്ചു എന്ന പരാതിയില്‍ ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്ററോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. 110 പരാതികളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. 16 കേസ് തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it