kannur local

റെയില്‍വേ സ്റ്റേഷനിലെ കിണറുകള്‍ പുനര്‍നിര്‍മിക്കുന്നു

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനിലെ കാടു മൂടിക്കിടക്കുന്ന കിണറുകള്‍ക്ക് ശാപമോക്ഷമാകുന്നു. 1935ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച് ഉപയോഗശൂന്യമായ 7 കിണറുകള്‍ പുനര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. കിണറുകള്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിക്കുന്നതോടെ റെയില്‍വേ സ്റ്റേഷനിലെയും ക്വാട്ടേഴ്‌സിലെയും കുടിവെള്ളക്ഷാമത്തിന് പരിഹാരമാവും. 6.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് ദിവസം റെയില്‍വേ സ്റ്റേഷനില്‍ ആവശ്യം.
കണ്ണൂര്‍ സൗത്തിലെ കിണറില്‍ നിന്ന് 2 ലക്ഷവും വാട്ടര്‍ അതോറിറ്റിയിലെ പൈപ്പ് ലൈന്‍ വഴി 1.5 ലക്ഷം ലിറ്റര്‍ വെള്ളവും ലഭിക്കും. സ്റ്റേഷനിലെ കിണറുകളില്‍ നിന്ന് ലഭിക്കുന്ന കുറച്ച് വെള്ളവുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്റ്റേഷനിലെ ഉപയോഗ്യ ശൂന്യമായ കിണറുകള്‍ ശുചീകരിച്ചാല്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍പല തവണ ഡിവിഷനല്‍ ഓഫിസിലേക്ക് പ്രശ്‌നം പരിഹരിക്കാന്‍ പദ്ധതി സമര്‍പ്പിച്ചിരുന്നെങ്കിലും തുടര്‍ പ്രവര്‍ത്തനം നടന്നില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും എണ്ണത്തിലുണ്ടാകുന്ന വര്‍ധനയ്ക്കനുസരിച്ച് മറ്റ് സൗകര്യങ്ങ ള്‍ വര്‍ധിക്കുന്നില്ല. റെയില്‍വേ നിര്‍മാണ വിഭാഗത്തിന്റെ നിരവധി ഓഫിസുകളും ജീവനക്കാരും ഇപ്പോള്‍ കണ്ണൂരിലുണ്ട്. ഒരുലക്ഷം വെള്ളം സംഭരിക്കാനുള്ള വലിയ ടാങ്ക് സ്റ്റേഷനില്‍ നിര്‍മിക്കുന്നുണ്ട്.
ശനിയാഴ്ച മൂന്നോടെ റെയില്‍വേ സ്റ്റേഷനിലെത്തിയ പി കെ ശ്രീമതി എംപി മുഴുവന്‍ കിണറുകളും സന്ദര്‍ശിച്ചു. രണ്ട് മണികൂറോളം സമയമെടുത്ത് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കിണര്‍ ശുദ്ധീകരിക്കാനും സംരക്ഷിക്കാനും വിശദമായ പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് അടുത്ത ദിവസം തന്നെ റെയില്‍വേ ഡിവിഷന്‍ മാനേജര്‍ക്ക് കൈമാറും. അഡീഷനല്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ സാഗര്‍ ചൗധരി, ടി കെ സജി, നിധീഷ് ദാമോദര്‍, സ്റ്റേഷന്‍ മാനേജര്‍ എന്‍ കെ ശൈലേന്ദ്രന്‍, കമേഴ്‌സ്യല്‍ മാനേജര്‍ ടി വി സുരേഷ്‌കുമാര്‍ തുടങ്ങിയവരും എംപിയോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it