റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ആശങ്കയുടെ ആവശ്യമില്ല: പിണറായി

ന്യൂഡല്‍ഹി/തിരുവനന്തപുരം: റെയില്‍വേ വികസനത്തിനു കേരളം സ്ഥലം ഏറ്റെടുത്തു നല്‍കുന്നില്ലെന്ന കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ആരോപണം തെറ്റിദ്ധാരണ മൂലമാവാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിന് ഒരു ആശങ്കയുടെയും ആവശ്യമില്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍പ്പാതയുടെ ഇരുവശങ്ങളിലും വേഗത കൂടുതലുള്ള തീവണ്ടികള്‍ക്ക് സഞ്ചരിക്കാന്‍ പാത നിര്‍മിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനം നടക്കുകയാണ്. റെയില്‍വേയുടെ സഹകരണവും ഇക്കാര്യത്തില്‍ ലഭിക്കുന്നുണ്ട്.
ജിഎസ്ടി സംവിധാനം പൂര്‍ണ അബദ്ധമായെന്നു പിണറായി അഭിപ്രായപ്പെട്ടു.ഉപഭോഗ സംസ്ഥാനമെന്ന നിലയില്‍ ഗുണമുണ്ടാവുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, നാടിനും ജനങ്ങള്‍ക്കും പ്രയാസമാണുണ്ടായത്. വരുമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചതായും പിണറായി പറഞ്ഞു.
ജനങ്ങളെ അടിമകളായി കാണുന്ന ബ്രിട്ടിഷ് സംസ്‌കാരം തന്നെയാണ് പോലിസ് ഇപ്പോഴും പിന്തുടരുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. ഒരാള്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മൊത്തം പോലിസിലാണ് കുറ്റം ചാര്‍ത്തപ്പെടുന്നത്. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നാണ് വിലയിരുത്തേണ്ടതെന്നും പിണറായി പറഞ്ഞു. 'കടക്ക് പുറത്ത്' എന്ന പരാമര്‍ശം വിവാദമായതിനെ കുറിച്ചുള്ള ചോദ്യത്തിന്, 'വിളിക്കാത്തിടത്ത് പോവരുത്; വിളിക്കുന്നിടത്തേ പോകാവൂ' എന്നുതന്നെയാണ് ഇക്കാര്യത്തില്‍ തന്റെ വിശദീകരണമെന്നും പിണറായി പറഞ്ഞു.
രാജ്യത്തു വിരുദ്ധ അഭിപ്രായങ്ങള്‍ക്കു നേരെ വെടിയുണ്ടയുടെ അന്തരീക്ഷമാണു നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ഭയമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുളള അന്തരീക്ഷം വീണ്ടെടുക്കണം. അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായിയെക്കുറിച്ചു സഹപ്രവര്‍ത്തകര്‍ പങ്കുവച്ച ഓര്‍മകള്‍ സമാഹരിച്ചു കേരള മീഡിയ അക്കാദമി പുറത്തിറക്കിയ ടി വി ആര്‍ ഷേണായി: എ സെന്റിനെല്‍ ഓഫ് അവര്‍ ടൈംസ് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി പുസ്തകം ഏറ്റുവാങ്ങി.
മലയാള പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി മലയാളിയായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകനാണ് ടി വി ആര്‍ ഷേണായിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ടി വി ആര്‍ ഷേണായിയുടെ ഭാര്യ സരോജം വേദിയില്‍ സന്നിഹിതയായിരുന്നു. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥാണ് പുസ്തകം തയ്യാറാക്കിയത്. ടി വി ആര്‍ ഷേണായിയുമായി സൗഹൃദബന്ധമുണ്ടായിരുന്ന 45 എഴുത്തുകാര്‍, 16 ഫോട്ടോഗ്രാഫര്‍മാര്‍, 17 കാര്‍ട്ടൂണിസ്റ്റുകള്‍ തങ്ങളുടെ ഓര്‍മകള്‍ ഈ ഗ്രന്ഥത്തില്‍ പങ്കുവച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it