റെയില്‍വേ വികസനം: കേന്ദ്ര റെയില്‍വേമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതനുസരിച്ച് ഒമ്പതിന് എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും 10ന് കേന്ദ്രമന്ത്രിയെ നേരിട്ടു കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സബര്‍ബന്‍ റെയില്‍വേ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. ഈ മാസം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കും.റെയില്‍വേ ബജറ്റില്‍ കേരളത്തിന് നേരത്തേ പ്രഖ്യാപിച്ചതും നടപടികള്‍ സ്വീകരിക്കാത്തതുമായ പാതകള്‍ക്ക് പ്രത്യേക പ്രാമുഖ്യം വേണം. ശബരിപാത, നിലമ്പൂര്‍-നഞ്ചന്‍കോട് പാത എന്നിവ അതില്‍ പ്രധാനമാണ്. നിലമ്പൂര്‍-ബംഗളൂരു പുതിയ പാതയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നതാണ്.

ഇതിനു പുറമേ കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കേണ്ടതും ആവശ്യമാണ്. റബര്‍ ബോര്‍ഡ് പുനസ്സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തു നല്‍കും. റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്രത്തിന്റെ റബര്‍ വിലസ്ഥിരതാ ഫണ്ടില്‍നിന്നു സഹായധനം ആവശ്യപ്പെടും. അങ്കമാലി-ശബരി റെയില്‍പ്പാത പദ്ധതി നേരത്തേ ആരംഭിച്ചതാണ്. അതിനാല്‍, പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന പുതിയ കേന്ദ്രനയം ശബരി പാതയ്ക്കു ബാധകമാക്കരുതെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍, പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ എന്നിവയ്ക്ക് സംസ്ഥാനം മുന്‍ഗണന നല്‍കുമെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it