Flash News

റെയില്‍വേ ലൈന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന്



തിരുവനന്തപുരം: നിലമ്പൂര്‍-സുല്‍ത്താന്‍ബത്തേരി-നഞ്ചന്‍കോട് റെയില്‍പാത നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ജി സുധാകരന്‍.  നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈനിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിനായി കേരള സര്‍ക്കാര്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുകയും 2 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ കേരളത്തിലെ സംരക്ഷിത വനമേഖലയിലൂടെയും കര്‍ണാടകയിലെ സംരക്ഷിത വനപ്രദേശമായ ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനം, കടുവാസങ്കേതം എന്നിവയിലൂടെയുമാണ് കടന്നുപോവുന്നത്. കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയം ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിലൂടെയുള്ള റെയില്‍വേ ലൈനുകള്‍, ഭൂഗര്‍ഭ പൈപ്പ് ലൈനുകള്‍, റോപ്പ് വേകള്‍ എന്നിവയുടെ നിര്‍മാണം നിരോധിച്ചിരിക്കുന്നു. നിര്‍ദിഷ്ട റെയില്‍വേ ലൈന്‍ പദ്ധതി സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ച് 17ന് കര്‍ണാടക അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള വിവിധ തടസ്സങ്ങള്‍ കണക്കിലെടുത്ത് പുതിയ അലൈന്‍മെന്റ് തയ്യാറാക്കണമെന്ന നിര്‍ദേശം ഉണ്ടായി. ഇതേ തുടര്‍ന്ന് പുതിയ അലൈന്‍മെന്റ് പരിശോധിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന് സര്‍വെ ജോലികള്‍ നിര്‍വഹിക്കുന്നതിനുള്ള അനുവാദത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് വനം വകുപ്പ് മന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമെന്നും  മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it