റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്റെ തസ്തിക പുനസ്ഥാപിക്കണം: മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്റെ തസ്തിക ഡല്‍ഹിയിലെ റെയില്‍വേ ബോര്‍ഡിലേക്ക് മാറ്റിയ നടപടി അടിയന്തരമായി പിന്‍വലിച്ച് തസ്തിക പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിക്കും മന്ത്രി ജി സുധാകരന്‍ കത്തയച്ചു.
ഇന്ത്യന്‍ റെയില്‍വേയിലെ സബോര്‍ഡിനേറ്റ് സര്‍വീസിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി രൂപീകരിച്ച റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് 1984 മുതലാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.  കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ പരീക്ഷ എഴുതുന്നതിന് സൗകര്യം ഒരുക്കുന്നത് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് റെയില്‍വേയിലെ വിവിധ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സഹായകമായിട്ടുണ്ട്. മെംബര്‍ സെക്രട്ടറിയുടെ തസ്തിക മുമ്പ് തന്നെ മാറ്റിയിട്ടുള്ളതിനാല്‍ ഇപ്പോള്‍ ചെയര്‍മാന്റെ തസ്തിക ഇല്ലാതാക്കിയതിലൂടെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അനാഥമായിരിക്കുകയാണ്.
ഈ നടപടി കേരളത്തില്‍ നിന്നും റെയില്‍വേയിലേക്ക് ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ ക്രമേണ കേരളത്തില്‍ നിന്നും ചെന്നൈലേക്ക് മാറ്റുന്നതിനാണ് ഈ നടപടികളെന്നു സംശയിക്കുന്നുവെന്നും കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനയുടെ അവസാനത്തെ ഉദാഹരണമാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്റെ തസ്തിക ഇല്ലാതാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയതെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it