kozhikode local

റെയില്‍വേ ബജറ്റ്; ജില്ലയ്ക്കു നിരാശ

കോഴിക്കോട്: കേരളത്തോടൊപ്പം കോഴിക്കോടിനേയും നിരാശപ്പെടുത്തുന്നതായി റെയില്‍ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റ്. പതിറ്റാണ്ടുകളായി മുറവിളി ഉയരുന്നതും, പുതിയകാലത്ത് പറഞ്ഞുറപ്പിച്ചതുമായ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളുമില്ലാതെ ഇത്തവണത്തെ റെയില്‍വേ വര്‍ഷം കടന്നു പോവും.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമായി. അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ പോലും ഊന്നല്‍ നല്‍കാനായിട്ടില്ല. കോഴിക്കോട്ടെ പ്ലാറ്റ്‌മോഫോമുകളില്‍ മേല്‍ക്കൂര പണിയണം എന്ന ആവശ്യം പോലും ഇത്തവണത്തെ ബജറ്റില്‍ പരിഗണിക്കപ്പെട്ടില്ല. മഴയും വെയിലും താണ്ടിവേണം മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമിലൂടെ മിക്ക ബോഗികളിലും എത്താന്‍. ഇത്തവണത്തെ ബജറ്റില്‍ ഇക്കാര്യം പരിഗണിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കല്ലായി, വെള്ളയില്‍ സ്റ്റേഷനുകളെ കോഴിക്കോടിന്റെ സൗത്ത്, നോര്‍ത്ത് സ്‌റ്റേഷനുകളായി പരിഗണിച്ച് വികസിപ്പിക്കുമെന്ന് മുമ്പ് പ്രഖ്യാപനം ഉണ്ടായിരുന്നു.
അത് ഉണ്ടായില്ലെന്നു മാത്രമല്ല, വെള്ളയില്‍ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യം പോലും ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. ടിക്കറ്റ് കൗണ്ടറിന്റെയും കാത്തിരിപ്പു സൗകര്യങ്ങളുടേയും കാര്യത്തി ല്‍ പരിതാപകരമായി തന്നെ തുടരുകയാണ് വെള്ളയില്‍ സ്റ്റേഷന്‍. കോഴിക്കോട് പാതയിലെ വൈദ്യുതീകരണത്തിന്റെ കാര്യത്തിലും ഇത്തവണ തീരുമാനം ഉണ്ടായിട്ടില്ല. വെസ്റ്റ് ഹില്‍ റയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് പിറ്റ് നിര്‍മിച്ച് ട്രാഫിക് സംവിധാനം സുഗമമാക്കാനുള്ള പദ്ധതിയുടെ പ്രാഥമിക നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി റയില്‍വേ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും രണ്ട് തവണ സ്ഥലം സന്ദര്‍ശിക്കുകയും സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഈ പദ്ധതിയെ കുറിച്ചും ബജറ്റ് മൗനം പാലിച്ചു. കോഴിക്കോട് റയില്‍വേ ക്വാര്‍ട്ടേഴ്‌സുകളുടെ ദുരവസ്ഥ പരിഹരിക്കാന്‍ ഒരു നിര്‍ദ്ദേശവും ഇത്തവണയും ഉണ്ടായില്ല. അതിരാവിലെ പുറപ്പെടുന്ന തീവണ്ടികള്‍ക്കുള്ള ടിക്കറ്റ് ലഭിക്കണമെങ്കില്‍ ഏറെ നേരം വരിനില്‍ക്കേണ്ട അവസ്ഥ പരിഹരിക്കാന്‍ നടപടി ഉണ്ടാവണമെന്ന് ജനപ്രതിനിധികളും യാത്രക്കാരും നിരന്തരം ആവശ്യപ്പെട്ടിരുന്നതാണെങ്കിലും ഇക്കാര്യവും പരിഗണനക്ക് വിധേയമായില്ല. കോഴിക്കോട്-മംഗലാപുരം ഗേജ് മാറ്റത്തിന് കുറച്ചെങ്കിലും പണം നീക്കി വെച്ചു എന്ന ഒറ്റ ആശ്വാസം മാത്രമാണ് കോഴിക്കോടിന് ഇത്തവണത്തെ ബജറ്റ് നല്‍കുന്നത്. നിലമ്പൂര്‍- നഞ്ചന്‍കോട് പദ്ധതിക്ക് തുക വകയിരുത്തിയത് കോഴിക്കോടിന്റെ വ്യാവസായിക വാണിജ്യ മേഖലയ്ക്ക് അല്‍പം പ്രതീക്ഷ നല്‍കുന്നുണ്ട്. പറഞ്ഞു പഴകിയതെങ്കിലും അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കുമോ എന്ന് അറിയാന്‍ കോഴിക്കോടിന് ഇനി അടുത്ത ബജറ്റു വരെ കാത്തിരിക്കണം.
Next Story

RELATED STORIES

Share it