kasaragod local

റെയില്‍വേ ബജറ്റില്‍ അവഗണന; കാണിയൂര്‍ പാത റെയില്‍ ഭൂപടത്തിലില്ല

കാസര്‍കോട്/കാഞ്ഞങ്ങാട്: ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ ജില്ലയ്ക്ക് കടുത്ത അവഗണന. കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയുടെ സര്‍വെ പൂര്‍ത്തിയായിരുന്നുവെങ്കിലും പദ്ധതിയെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. കാസര്‍കോട് പള്ളം ഗേറ്റ് നമ്പര്‍ 283ന് മേല്‍പാലം നിര്‍മിക്കാന്‍ ബജറ്റില്‍ 50 കോടി വകയിരുത്തിയിട്ടുണ്ട്. നേരത്തെ അണ്ടര്‍ ഗ്രൗണ്ടിനായി സര്‍വെ നടത്തിയിരുന്നു. കസബ ബീച്ച്, നെല്ലിക്കുന്ന്, പള്ളം ഭാഗത്തെ മല്‍സ്യത്തൊഴിലാളികളടക്കം ആയിരക്കണക്കിനാളുകള്‍ കാസര്‍കോട് നഗരത്തിലെത്തുന്നത് പള്ളം ഗേറ്റ് വഴിയാണ്. ഗേറ്റ് അടച്ചിടുന്നത് മൂലം നഗരത്തിലെത്താന്‍ ഈ ഭാഗങ്ങളിലുള്ളവര്‍ ഏറെ ദുരിതമനുഭവിച്ചുവരികയാണ്. മാത്രവുമല്ല പള്ളം റെയില്‍വേ ഗേറ്റ് പരിസരത്ത് നിരവധി പേര്‍ ട്രെയിനുകള്‍ തട്ടി മരണപ്പെട്ടിരുന്നു. ഇതിന് പരിഹാരമായി അണ്ടര്‍ഗ്രൗണ്ട് പാത നിര്‍മിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് മാറ്റി മേല്‍പാലം നിര്‍മിക്കാനാണ് ഇന്നലെ അനുമതിനല്‍കിയത്. അതേസമയം മേല്‍പാലം നിര്‍മിക്കുമ്പോള്‍ റെയില്‍വേ ട്രാക്കിന് ഇരു ഭാഗങ്ങളിലുമായി താമസിക്കുന്ന നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും.
കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ റെയില്‍വേ മേല്‍പാലം നിര്‍മിക്കാന്‍ 38 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. നിലവിലുള്ള മേല്‍പാലങ്ങളുടെ നിര്‍മാണ പ്രവൃത്തിക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ എ ക്ലാസ് റെയില്‍വെ സ്റ്റേഷനുകള്‍ക്ക് ലിഫ്റ്റ് നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. അതേസമയം നേരത്തെ നിര്‍മാണം ആരംഭിച്ച മൊഗ്രാല്‍പുത്തൂര്‍ റെയില്‍വെ അണ്ടര്‍ ബ്രിഡ്ജ്, മഞ്ചേശ്വരം ഹൊസങ്കടി ഓവര്‍ബ്രിഡ്ജ് എന്നിവയെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. മഞ്ചേശ്വരം, കുമ്പള, ഉപ്പള റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതിയില്ല. കാഞ്ഞങ്ങാട് നിന്നും കര്‍ണാടകയിലെ കാണിയൂര്‍ വരെ 91 കിലോ മീറ്റര്‍ റെയില്‍വേ പാത നിര്‍മിച്ചാല്‍ ജില്ലയിലെ മലയോര പ്രദേശത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ മൈസൂര്‍, ബംഗളൂരു നഗരങ്ങളില്‍ എത്താന്‍ സാധിക്കുന്ന രീതിയില്‍ റൂട്ട് മാപ്പ് തായ്യാറാക്കിയിട്ടുള്ള കാണിയൂര്‍ പാതയ്ക്ക് ഇക്കുറിയും റെയില്‍വേ ബജറ്റില്‍ തുക വകയിരുത്തിയില്ല. കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ അവസാന ബജറ്റിലാണ് പാതയുടെ കേരളത്തിലൂടെ കടന്നു പോകുന്ന കാഞ്ഞങ്ങാട് പാണത്തൂര്‍ വരെയുള്ള റൂട്ടില്‍ സര്‍വെ നടത്തിയത്.
കഴിഞ്ഞ ബജറ്റില്‍ കാണിയൂര്‍ വരെയുള്ള ഭാഗവും സര്‍വെ നടത്തിയിരുന്നു. കാര്യമായ കുടി യൊഴിപ്പിക്കലില്ലാതെയും വന നശീകരണമില്ലാതെയും നിര്‍മിക്കാവുന്ന പാതയ്ക്ക് 550 കോടി രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കേണ്ടത്. സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്ന് കേരള, കര്‍ണാടക സര്‍ക്കാറുകള്‍ റെയില്‍വേ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. ഇതിനായി രുപീകരിക്കപ്പെട്ട കര്‍മ്മ സമിതി റെയില്‍വേ വകുപ്പ് മന്ത്രിയെ അടക്കം നിരവധി തവണ കണ്ടിരുന്നു. എന്നാല്‍ ഇപ്രാവശ്യത്തെ ബജറ്റില്‍ ഇതുസംബന്ധിച്ച പരാമര്‍ശമില്ലാത്തത് മലയോര ജനതയെ നിരാശപ്പെടുത്തി.
Next Story

RELATED STORIES

Share it