Flash News

റെയില്‍വേ പ്രശ്‌നങ്ങള്‍ യുപിഎ സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് : പീയുഷ് ഗോയല്‍



മുംബൈ: എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ നടപ്പാലത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായെത്തിയ കോണ്‍ഗ്രസ്സിനെതിരേ ഒളിയമ്പുമായി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. റെയില്‍വേയിലെ പ്രശ്‌നങ്ങള്‍ പുതുതായി രൂപപ്പെട്ടവയല്ല, ഇതു യുപിഎ സര്‍ക്കാരില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ചതാണെന്നു മന്ത്രി പറഞ്ഞു. റെയില്‍വേയിലെ പ്രശ്‌നങ്ങളില്‍ താന്‍ ഒഴിവുകഴിവുകള്‍ പറയുകയല്ല. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ഉണ്ടായതല്ല. വര്‍ഷങ്ങളായി തുടരുന്നതാണ്. 2014ല്‍ എന്‍ഡിഎക്ക് ഭരണം ലഭിക്കുമ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതിയെന്നു ഗോയല്‍ പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരേ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും അദ്ദേഹം വിമര്‍ശിച്ചു. മികച്ച സാങ്കേതികവിദ്യകള്‍ കൊണ്ടുവന്നു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സിന്, ജനങ്ങള്‍ ഇനിയും സഹിക്കുന്നതു കാണാനാണോ താല്‍പര്യമെന്ന് അദ്ദേഹം ചോദിച്ചു. എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി 20 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും 10 എണ്ണത്തിന് വെസ്‌റ്റേണ്‍ റെയില്‍വേയുംഅനുമതി നല്‍കി. ഇതിനുപുറമെ 13 മേല്‍പ്പാലങ്ങള്‍ക്ക് വീതി കൂട്ടാനും 40 എണ്ണം പുതുക്കിപ്പണിയാനും റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ടെന്നു ഗോയല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it