റെയില്‍വേ പോലിസ് ചമഞ്ഞ് കൊള്ളയടിച്ച കേസ്: മുഖ്യപ്രതി അറസ്റ്റില്‍

പാലക്കാട്: റെയില്‍വേ പോലിസ് ചമഞ്ഞ് ചെമ്മാട് സ്വദേശിയായ മൊബൈല്‍ വ്യാപാരിയെ കൊള്ളയടിച്ച് 7 ലക്ഷം രൂപയുടെ സാധനങ്ങള്‍ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.
ചെര്‍പ്പുളശേരി നെല്ലായ എഴുവന്തല കുറ്റിപ്പുളിക്കല്‍ വീട്ടില്‍ രതീഷ് രാജനെ(30)യാണ് നോര്‍ത്ത് പോലിസും ജില്ലാ ക്രൈം സ്‌ക്വാഡും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മാസം ഒന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. ചെമ്മാടില്‍ മൊബൈല്‍ വ്യാപാരം നടത്തി വരുന്ന സലിം ചെന്നൈയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ വാങ്ങാറുണ്ട്. 2015 ഡിസംബര്‍ 31ന് പതിവുപോലെ മൊബൈല്‍ ഫോണുകള്‍ വാങ്ങി തീവണ്ടിയില്‍ നാട്ടിലേക്ക് വരുന്ന സമയം ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ എത്താറായപ്പോള്‍ ചെന്നൈയില്‍ നിന്നും പിന്തുടര്‍ന്നെത്തിയ രതീഷ് റെയില്‍വേ പോലിസ് സ്‌ക്വാഡാണെന്ന് പറഞ്ഞ് സലിമിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ പോയാല്‍ കൂടുതല്‍ പിഴ നല്‍കണമെന്നും അതിനാല്‍ പതിനായിരം രൂപ നല്‍കിയാല്‍ പുറത്ത്‌വച്ച് ഒതുക്കി ത്തീര്‍ക്കാമെന്നും രതീഷ് അറിയിച്ചു.
പണമെടുക്കാന്‍ സലിം എടിഎം കൗണ്ടറില്‍ കയറിയ സമയം അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറി രതീഷ് രക്ഷപ്പെടുകയായിരുന്നു. പിന്നീട് നോര്‍ത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും രതീഷിന്റെ കൂട്ടുപ്രതികളായ ചെന്നൈ സ്വദേശികളായ അന്‍പുശെല്‍വന്‍, ഇളയരാജ എന്നിവരെ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.രതീഷിന്റെ പേരില്‍ ചെന്നൈ ശ്രീ പെരുംപത്തൂര്‍, മുഖപേര്‍ എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ചെന്നൈ പുഴല്‍ ജയിലില്‍ ഇയാള്‍ തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it