kannur local

റെയില്‍വേ പാലത്തിന് ഭീഷണിയായി വളപട്ടണം പുഴയില്‍ മണലൂറ്റ്

കണ്ണൂര്‍: വളപട്ടണം റെയില്‍വേ പാലത്തിന് ഭീഷണിയായി പുഴയുടെ ആഴം കുത്തിക്കീറി മണലെടുപ്പ് വ്യാപകം. നിയമങ്ങളും നിബന്ധനകളും പാലിക്കാതെയാണ് മുടക്കങ്ങാതെ നിരവധി തോണികളില്‍ റെയില്‍വേ പാലത്തിനു സമീപത്തുനിന്നും മണലെടുക്കുന്നത്. ആഴങ്ങളില്‍നിന്നും നീളമുള്ള കോരികളുപയോഗിച്ച് ദിവസം 30-40 തോണികള്‍ മുടങ്ങാതെ ജോലിയിലാണ്.
പാലങ്ങള്‍ക്ക്്് അര കിലോമീറ്ററെങ്കിലും അകലം പാലിച്ചായിരിക്കണം മണലെടുക്കാനെന്നാണ് നിയമം. അതേസമയം റെയില്‍വേ പാലത്തിന് മീറ്ററുകള്‍ അകലെനിന്നും മണല്‍ തോണ്ടിയെടുക്കുന്നത് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു. മാസങ്ങളായി ഇതു തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മണലെടുപ്പ് മൂലം വളപട്ടണം റെയില്‍വേ പാലത്തിന് സുരക്ഷാഭീഷണിയുണ്ടെന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം നേരത്തെതന്നെ റിപോര്‍ട്ട് നല്‍കുകയും പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിക്കുമെന്നും ദുരന്തത്തിനിടയാക്കുമെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു ചില നിയന്ത്രണങ്ങള്‍ പോലിസും പോര്‍ട്ട് അധികൃതരുമേര്‍പ്പെടുത്തി. എന്നാല്‍ അതു താല്‍ക്കാലികം മാത്രം. വീണ്ടും നിയന്ത്രണമില്ലാതായി. അതേസമയം കപ്പല്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് അഴീക്കല്‍ തുറമുഖവികസനത്തിന്റെ ഭാഗമായി തുറമുഖത്തോടൊപ്പം പരിസര പ്രദേശത്തും മണല്‍നീക്കം ചെയ്യുന്നതെന്നാണ് പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയത്്. ഇതിന്റെ മറവിലാണ് റെയില്‍വേ പാലത്തിന് സമീപത്തെ അനധികൃത മണല്‍വേട്ട. പാലത്തിന് അരകിലോമീറ്റര്‍ അകലം പാലിച്ച് രാവിലെ ആറു മുതല്‍ 12 വരെ മണല്‍വാരാനുള്ള അനുമതിയാണ് അഴീക്കല്‍ പോര്‍ട്ട് ട്രസ്റ്റ് നല്‍കിയിരുന്നത്.
ഈ ദൂരപരിധിയും സമയും ലംഘിച്ചാണ് നിര്‍ബാധം മണലൂറ്റുന്നത്. തുറമുഖ വികസനം വന്നാല്‍തന്നെ ഈ ഭാഗങ്ങളില്‍ കപ്പല്‍ വരാന്‍ സാധ്യതയില്ലെന്നാണ് പോര്‍ട്ട് അധികൃതര്‍ പറയുന്നത്. ഇതു സംബന്ധിച്ച് പല തവണ പരാതി നല്‍കിയെങ്കിലും മൗനാനുവാദത്തോടെ മണലൂറ്റല്‍ തുടരുന്നു. നേരത്തെ പുഴയുടെ തീരദേശങ്ങളില്‍ നിന്നാണെങ്കില്‍ ഇപ്പോള്‍ മധ്യഭാഗത്തുനിന്നാണ് മണലൂറ്റ്. പാലത്തിനുള്ള ഭീഷണി കൂടാതെ പുഴയുടെ നിലനില്‍പിനും ജൈവ സമ്പത്തിനും പരിസ്ഥിതിക്കും ഭീഷണിയാണ് മണലൂറ്റ്. കണ്ടല്‍കാട്, മല്‍സ്യ സമ്പത്ത് തുടങ്ങിയവക്കും ഇതു ഭീഷണിയായിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ബ്രഹ്്മഗിരി റിസര്‍വ് ഫോറസ്റ്റില്‍നിന്നും ഉല്‍ഭവിച്ച് കര്‍ണാടക, കേരളത്തിലൂടെ 110 കിലോമീറ്റര്‍ സഞ്ചരിച്ച് അറബിക്കടലില്‍ നിപതിക്കുന്ന പുഴ വലിയ പ്രകൃതി സമ്പത്തിന്റെ കേന്ദ്രംകൂടിയാണ്. കണ്ടല്‍കാടുകളുടെ വിശാല തീരവും ഈ പുഴക്കുണ്ട്. പുഴയുടെ മറ്റു പല ഭാഗങ്ങളിലും കൈയേറ്റവും മണലെടുപ്പും വ്യാപകമാണ്. കൂടാതെ പുഴ മാലിന്യ നിക്ഷേപകേന്ദ്രമായും മാറിയിട്ടുണ്ട്. ഫാക്ടറികളില്‍നിന്നും അറവുശാലകള്‍, ഹോട്ടല്‍ തുടങ്ങിയിടങ്ങളില്‍നിന്നുള്ള മാലിന്യങ്ങളും പുഴയില്‍ കൊണ്ടുതള്ളുന്നതായി പരാതിയുണ്ട്.
Next Story

RELATED STORIES

Share it