kozhikode local

റെയില്‍വേ ട്രാക്കില്‍ മരം വീണു; വണ്ടികള്‍ വൈകിയത് മണിക്കൂറുകള്‍

കോഴിക്കോട്: കടലുണ്ടിക്കടുത്ത് റെയില്‍വേ പാളത്തില്‍ മരം വീണ് തീവണ്ടികള്‍ വൈകിയോടുന്ന വിവരം റെയില്‍വേ സ്റ്റേഷനിലെ അനൗണ്‍സ്‌മെന്റിലൂടെ പുറത്തുവിടാത്തത് നൂറുകണക്കിന് യാത്രക്കാരെ വലച്ചു. ഇന്നലെ കാലത്ത് 6.30നാണ് ട്രാക്കില്‍ മരം വീണത്. ഇതിന് ശേഷം പാസഞ്ചര്‍ തീവണ്ടി കണ്ണൂരിലേക്ക് കടന്നുപോയി.
എന്നാല്‍ അതേസമയം, വരാനിരിക്കുന്ന യശ്വന്ത്പൂര്‍ തീവണ്ടി അല്‍പസമയത്തിനകം എത്തുമെന്ന അറിയിപ്പുമുണ്ടായി. യശ്വന്ത്പൂര്‍ തീവണ്ടി 7.30ന് എത്തേണ്ടത് മരം വീണതിനാല്‍ പലയിടത്തായി തടഞ്ഞുകിടക്കുകയായിരുന്നു.
യാത്രക്കാര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ഇപ്പോള്‍ എത്തുമെന്ന പ്രതീക്ഷയില്‍ പാസഞ്ചര്‍ തീവണ്ടിയില്‍ കയറിയതുമില്ല. യശ്വന്ത്പൂര്‍ എക്‌സ്പ്രസ് വന്നതാകട്ടെ 11.30നും. ഇത്രയും നേരം ജനം റെയില്‍വേ ഫഌറ്റ്‌ഫോറത്തില്‍ തങ്ങേണ്ടിയും വന്നു. പിന്നീട് വരേണ്ടിയിരുന്ന തിരുവനന്തപുരം-മംഗലാപുരം (47) തുടങ്ങിയ തീവണ്ടികളും വൈകി. മംഗലാപുരത്തേക്കുള്ള ഇലക്ട്രിക് ലൈന്‍ തകരാറായതും യാത്രയെ ബാധിച്ചു.
ഇലക്ട്രിക് എന്‍ജിനു പകരം ഡീസല്‍ എന്‍ജിനുപയോഗിച്ചായിരുന്നു യാത്ര. മംഗലാപുരം ഭാഗത്തേക്കുള്ള യാത്രക്കാര്‍ ഏകദേശം അഞ്ചു മണിക്കൂറോളവും ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ ഏഴു മണിക്കൂറോളവും കാത്തുകിടന്ന ശേഷമാണ് തീവണ്ടിയില്‍ കേറിപറ്റിയത്.കടലുണ്ടിയില്‍ ട്രാക്കില്‍ വീണ മരംമുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാന്‍ കനത്തമഴയും കാറ്റും തടസ്സമായി. റെയില്‍വേ എന്‍ജിനീയറിങ് വിഭാഗവും നാട്ടുകാരും മരംമുറിച്ചുമാറ്റാന്‍ അക്ഷീണം പരിശ്രമിച്ചു. റെയില്‍വേ സ്റ്റേഷനില്‍ വണ്ടി വരാന്‍ മണിക്കൂറുകള്‍ വൈകിയപ്പോള്‍ ഏറെ യാത്രക്കാരും യാത്ര റദ്ദാക്കി.
Next Story

RELATED STORIES

Share it