റെയില്‍വേ ട്രാക്കിന് കുറുകെ പഴയ പാളത്തിന്റെ ഭാഗം കണ്ടെത്തി

കായംകുളം: കായംകുളം റെയില്‍വേ സ്റ്റേഷന് തെക്കുഭാഗത്ത് കെപി റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം സിഗ്‌നലിനോട് ചേര്‍ന്നുള്ള ട്രാക്കില്‍ 80 കിലോയോളം തൂക്കമുള്ള പഴയ പാളത്തിന്റെ ഭാഗം കണ്ടെത്തി.
റെയില്‍വേ കീമാന്‍ പാളം പരിശോധിച്ച് നടന്നുവരുന്നതിനിടയിലാണ് ട്രാക്കിന് കുറുകെ അപകടകരമായ നിലയില്‍ പാളം കിടക്കുന്നത് കണ്ടത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആര്‍പിഎഫ് സിഐ അനില്‍കുമാര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഗതാഗതത്തിന് തടസ്സമില്ലെന്നറിയിച്ചതിനു ശേഷമാണ് ട്രെയിനുകള്‍ അതേ ട്രാക്കിലൂടെ കടത്തിവിട്ടത്. പിന്നീട് അസി. കമ്മീഷണര്‍ ടി എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തി.
സംഭവസ്ഥലത്ത് നിന്ന് മണംപിടിച്ച പോലിസ് നായ 500 മീറ്റര്‍ അകലെയുള്ള കള്ളുഷാപ്പിന് സമീപമെത്തി നില്‍ക്കുകയായിരുന്നു. ഇവിടെ കേന്ദ്രീകരിച്ച് ലോക്കല്‍ പോലിസും ആര്‍പിഎഫിന്റെ ഇന്റലിജന്‍സ് വിഭാഗമുള്‍പ്പെടെയുള്ളവരും അന്വേഷണം നടത്തി. എന്നാല്‍ സൂചനകള്‍ ഒന്നും ലഭിച്ചില്ല. അട്ടിമറി ശ്രമമാവാനുള്ള സാധ്യത പോലിസ് തള്ളിക്കളയുന്നില്ല. ഒരാഴ്ച മുമ്പ് കാക്കനാട് വലിയതറ ലെവല്‍ക്രോസിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വാഗണ്‍ കുത്തിത്തുറന്ന് എട്ടുകിലോ തൂക്കമുള്ള ചെമ്പ് കേബിളുകളും സാധാരണ കേബിളും ഫൈബര്‍ ഹാന്റിലുകളും പാളത്തില്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. രണ്ടുമാസത്തിന് മുമ്പ് 50കിലോയ്ക്ക് മുകളില്‍ ഭാരം വരുന്ന പഴയ സിഗ്‌നല്‍ ബോക്‌സ് ചേരാവള്ളി ലെവല്‍ക്രോസിന് സമീപം ട്രാക്കില്‍ വച്ച് അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ട്രെയിന്‍ കയറി ബോക്‌സ് തെറിച്ചുപോയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
രണ്ടു സംഭവങ്ങള്‍ക്കും പിന്നിലുള്ളവര്‍ക്കുവേണ്ടി സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണം ഊര്‍ജിതമാക്കിയതായും അസി. കമ്മീഷണര്‍ ടി എസ് ഗോപകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it