റെയില്‍വേ ടിക്കറ്റ് ബുക്കിങില്‍ വന്‍ അഴിമതി

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ് തട്ടിപ്പ് നടത്തുന്ന വലിയൊരു ശൃഖല രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിബിഐ. ഐആര്‍സിടിസിയുടെ തല്‍ക്കാല്‍ ടിക്കറ്റിങ് സംവിധാനത്തില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ അനധികൃതമായി ബുക്ക് ചെയ്യുന്ന വലിയൊരു ശൃംഖലയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സിബിഐ വക്താവ് അഭിഷേക് ദയാല്‍ വ്യക്തമാക്കി. ഓണ്‍ലൈനില്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ അഴിമതി ആരോപിച്ച് അസിസ്റ്റന്റ് പ്രോഗ്രാമര്‍ അജയ് ഗാര്‍ഗിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ സഹായി അനില്‍ ഗുപ്തയും മറ്റൊരു വ്യക്തിയും അറസ്റ്റിലായിരുന്നു. ഉത്തര്‍പ്രദേശിലെ ജന്‍പുരില്‍ നിന്ന് അറസ്റ്റിലായ ഇവരെ വിശദമായി ചോദ്യംചെയ്തതോടെയാണ് രാജ്യമാകെ വ്യാപിച്ചുകിടക്കുന്ന ശൃംഖലയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. ശൃംഖലയുടെ ഭാഗമായി നിരവധി ട്രാവല്‍ ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഐആര്‍സിടിസി വെബ്‌സൈറ്റിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന അജയ് ഗാര്‍ഗ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുകയും ഇതുപയോഗിച്ച് നടക്കുന്ന ബുക്കിങുകള്‍ക്ക് നിശ്ചിത തുക ലഭിക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു ഇടപാട് നടത്തിയത്. ഈ വിധത്തില്‍ വലിയ തുകയാണ് ഓരോ ദിവസവും ബിറ്റ്‌കോയിന്‍, ഹവാല വഴി ഇയാള്‍ നേടിയത്. പിടിയിലായവര്‍ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച് ഏജന്റുമാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. നിമിഷങ്ങള്‍കൊണ്ട് നൂറുകണക്കിന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഈ സോഫ്റ്റ്‌വെയര്‍ വഴി സാധിക്കും. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. ഐടി നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അജയ് ഗാര്‍ഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങില്‍ അഴിമതി വ്യക്തമായ സാഹചര്യത്തില്‍ സൈബര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് റെയില്‍വേ അധികൃതരോട് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it