palakkad local

റെയില്‍വേ ടിക്കറ്റ് അനധികൃത വില്‍പന: മൂന്നുപേര്‍ അറസ്റ്റില്‍

പാലക്കാട്: റെയില്‍വേ ടിക്കറ്റ് അനധികൃതമായി വില്‍പന നടത്തിയ സംഭവത്തില്‍ മൂന്നുപേരെ റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) അറസ്റ്റു ചെയ്തു. ഒലവക്കോട് പുതിയപാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സിലെ മാനേജര്‍ ജയകുമാര്‍(51), കഞ്ചിക്കോട് ജനത ട്രാവല്‍സിലെ അബ്ദുള്‍ സമദ്(30), കഞ്ചിക്കോട് പാറ റോഡില്‍ പ്രവര്‍ത്തിക്കുന്ന വിഷ്ണു ട്രാവല്‍സിലെ രഘു(45) എന്നിവരാണ് അറസ്റ്റിലായത്.
ഐആര്‍സിടിസി സൈറ്റില്‍ നിന്നും ഓണ്‍ലൈനായി ടിക്കറ്റെടുത്ത് റെയില്‍വേയുടെ അംഗീകാരമില്ലാതെ കമ്മീഷന്‍ ഈടാക്കി വില്‍പന നടത്തിയതിനാണ് ഇവരെ പിടികൂടിയതെന്ന് ആര്‍പിഎഫ് അറിയിച്ചു.
സ്വകാര്യ ആവശ്യത്തിന് ഏതൊരാള്‍ക്കും ഐആര്‍സിടിസി സൈറ്റില്‍ യൂസര്‍ ഐഡി നിര്‍മിച്ച് ഓണ്‍ലൈന്‍ മുഖേന ടിക്കറ്റ് എടുക്കാം. ഒരാള്‍ക്ക് ഇത്തരത്തില്‍ മാസം പരമാവധി പത്തുടിക്കറ്റുവരെയാണ് എടുക്കാനാവുക. ഈ സംവിധാനം ദുരുപയോഗപ്പെടുത്തി വിവിധ യൂസര്‍ ഐഡികള്‍ ഉപയോഗിച്ച് വന്‍തോതില്‍ ടിക്കറ്റെടുത്ത് കമ്മീഷന്‍ ഈടാക്കി വില്‍പ്പന നടത്തിയിരുന്നതായി ആര്‍പിഎഫ് കണ്ടെത്തി. ഒരു ടിക്കറ്റിന് 40 രൂപ മുതല്‍ നൂറുരൂപവരെയാണ് കമ്മീഷന്‍ ഈടാക്കിയിരുന്നത്. നാലും അഞ്ചും പേര്‍ക്ക് ഒരുമിച്ച് ടിക്കറ്റെടുക്കുമ്പോള്‍ തലയെണ്ണിയാണ് കമ്മീഷന്‍ ഈടാക്കിയിരുന്നതെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ ചൊക്കരഘുവീറിന്റെ നിര്‍ദേശപ്രകാരം മൂന്നു കേന്ദ്രങ്ങളിലും ഒരേസമയം നടത്തിയ പരിശോധനയെ തുടര്‍ന്നാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. സിഐമാരായ ബിനോയ് ആന്റണി, ഫിറോസ്, ചന്ദ്രശേഖരന്‍, എസ്‌ഐമാരായ പുരുഷോത്തംപൂജാരി, ക്ലാരിവല്‍സ, ഭരത്‌രാജ്, എഎസ്‌ഐമാരായ എം കെ ഉണ്ണികൃഷ്ണന്‍, ഷാജു തോമസ്, ഷാജി, മാത്യു സെബാസ്റ്റ്യന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സജി അഗസ്റ്റിന്‍, പ്രഭാകരന്‍, പ്രമോദ്, കോണ്‍സ്റ്റബിള്‍മാരായ സൂരജ്, സന്ദീപ്, നാസര്‍, ഫ്രാന്‍സി, ജെസി, വിനീഷരാജു എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.
റിസര്‍വ് ചെയ്ത ഇ-ടിക്കറ്റുകളും അതിന്റെ വിവരങ്ങളും പിടിച്ചെടുത്തു. റെയില്‍വേ ടിക്കറ്റ് റിസര്‍വ് ചെയ്ത് വില്‍പ്പന നടത്തിയതിന് ഇന്ത്യന്‍ റെയില്‍വേ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Next Story

RELATED STORIES

Share it