റെയില്‍വേ ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ അനുമതി

ന്യൂഡല്‍ഹി: 50 കോടിയുടെ നഷ്ടപരിഹാര കുംഭകോണത്തില്‍ ആരോപണവിധേയനായ റെയില്‍വേ ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജി ആര്‍ കെ മിത്തലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അനുമതി. ചില പ്രത്യേക അഭിഭാഷകര്‍ ഹാജരാവുന്ന റെയില്‍വേ നഷ്ടപരിഹാരക്കേസുകളില്‍ ക്രമക്കേട് കാട്ടിയെന്നതാണ് മിത്തലിനെതിരായ ആരോപണം.
നേരത്തേ റെയില്‍വേ ക്ലെയിം ട്രൈബ്യൂണലിന്റെ പട്‌ന ബെഞ്ചിലായിരുന്ന മിത്തലിനെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് റാഞ്ചിയിലേക്കു മാറ്റിയിരുന്നു. പിന്നീട് അവിടെ നിന്നു തിരുവനന്തപുരം ബെഞ്ചിലേക്കും മാറ്റി.
മിത്തലിനെതിരായ ആരോപണങ്ങള്‍ സുപ്രിംകോടതി ജസ്റ്റിസായ യു യു ലളിതാണ് അന്വേഷിച്ചത്. ഒരു മാസമായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലായിരുന്ന ഫയല്‍ അനുമതിക്കുശേഷം റെയില്‍വേ ബോര്‍ഡിന് അയച്ചുകൊടുത്തു. ആദ്യമായാണ് റെയില്‍വേ സിറ്റിങ് ജഡ്ജിക്കെതിരേ ആരോപണമുയരുന്നത്.
ഈ വര്‍ഷം ആദ്യത്തില്‍ കുംഭകോണം പുറത്തുവന്നതിനു പിന്നാലെ ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ കണ്ണനാണ് സസ്‌പെന്‍ഷന് അനുമതി തേടി ചീഫ് ജസ്റ്റിസിനെ സമീപിച്ചത്. കുംഭകോണം സംബന്ധിച്ച് റെയില്‍വേ ആഭ്യന്തര ഏജന്‍സി അന്വേഷണം നടത്തിയതിനു പിന്നാലെയായിരുന്നു അത്. മിത്തല്‍ ഒരേ നഷ്ടപരിഹാരക്കേസില്‍ പലതവണ നഷ്ടപരിഹാരം വിധിക്കുകയും ചില ആളുകള്‍ക്ക് പ്രത്യേകം വിധിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. അതോടൊപ്പം നഷ്ടപരിഹാരം ലഭിക്കേണ്ട ശരിയായ കേസുകളില്‍ ജഡ്ജിയുടെ സഹായത്തോടെ അഭിഭാഷകര്‍ നഷ്ടപരിഹാരം അടിച്ചെടുത്തതായും അന്വേഷണ റിപോര്‍ട്ടിലുണ്ട്.
2015നും 2017നും ഇടയിലാണ് ഈ ക്രമക്കേടുകളെല്ലാം നടന്നിരിക്കുന്നത്. ജഡ്ജിക്കെതിരേ സിബിഐ അന്വേഷണം വേണമെന്നാണ് ട്രൈബ്യൂണല്‍ ചെയര്‍മാന്റെ ശുപാര്‍ശ.



Next Story

RELATED STORIES

Share it