Alappuzha local

റെയില്‍വേ ക്രോസ് ഗേറ്റ് അടച്ചില്ല; ട്രെയിന്‍ നിര്‍ത്തിയിട്ടു

അമ്പലപ്പുഴ: റെയില്‍വേ ക്രോസിലെ ഗേറ്റ് അടക്കാത്തതിനെത്തുടര്‍ന്ന് ഓടിയെത്തിയ ട്രെയിന്‍ നിര്‍ത്തിയിട്ടു. പുന്നപ്ര റെയില്‍വേ സ്റ്റേഷനു തെക്ക് കുറവന്‍തോട് ജങ്ഷനു പടിഞ്ഞാറുള്ള ഗേറ്റാണ് ട്രെയിന്‍ എത്തിയ സമയത്തും അടക്കാതിരുന്നത്. ഇന്നലെ രാവിലെ ഒമ്പതരയോടെ കായംകുളം - എറണാകുളം ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോകുമ്പോഴായിരുന്നു സംഭവം. ഈ ഗേറ്റിനു തെക്കുഭാഗത്തെ ഭജനമഠത്തിന് സമീപത്തെ ഗേറ്റ് ഈ സമയം അടച്ചിരുന്നു. ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടുത്തുള്ള ക്രോസ് അടച്ചിരുന്നില്ലെന്ന് അറിയുന്നത്. ഈ സമയം തുറന്നു കിടന്ന ഗേറ്റിനു സമീപത്ത് ട്രെയിന്‍ വരില്ലെന്ന സൂചന നല്‍കുന്ന ചുവപ്പ് കൊടിയും സ്ഥാപിച്ചിരുന്നു.  ഈ ഭാഗത്ത് റെയില്‍വേ നല്‍കുന്ന സിഗ്‌നലിനു പകരം സ്റ്റേഷന്‍ മാസ്റ്റര്‍ ഗേറ്റ് കീപ്പര്‍ക്ക് ഫോണ്‍ വഴി കോഡ് നല്‍കാറാണ് പതിവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. എന്നാല്‍ നല്‍കിയ കോഡ് ഗേറ്റ് കീപ്പര്‍ക്ക് ലഭിക്കാതിരുന്നതാകാം ഇത്തരത്തില്‍ സംഭവിച്ചതിന് കാരണമായതെന്നാണ് സൂചന.  നൂതന സാങ്കേതികവിദ്യയാണ് ഈ ക്രോസിലുള്ളതെന്നും ഗേറ്റ് തുറന്നു കിടന്നാലും ട്രെയിന്‍ കടന്നു പോകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഒടുവില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ഗേറ്റ് അടച്ചതിനു ശേഷം കടന്നു പോയി. വളരെ തിരക്കുള്ള ഈ ഭാഗത്ത് സ്‌കൂള്‍ സമയമായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഉണ്ടായിരുന്നത് ഭീതി പരത്തി.
Next Story

RELATED STORIES

Share it